ഇന്ത്യൻ പ്രതിരോധ മേഖലയ്ക്ക് കൂടുതൽ കരുത്ത് പകരുന്ന ഹ്രസ്വദൂര ബാലസ്റ്റിക് മിസൈലായ അഗ്നി-1ന്റെ പരീക്ഷണ വിക്ഷേപണം വിജയകരമായി പൂർത്തിയാക്കി. ഒഡീഷ തീരത്തെ എപിജെ അബ്ദുൽ കലാം ദ്വീപിൽ നിന്നാണ് പരീക്ഷണ വിക്ഷേപണം നടത്തിയത്. സംബന്ധിച്ച ഔദ്യോഗിക വിവരങ്ങൾ പ്രതിരോധ ഉദ്യോഗസ്ഥർ പുറത്തുവിട്ടിട്ടുണ്ട്. ഉയർന്ന പ്രവർത്തനക്ഷമതയടക്കമുള്ള നിരവധി സവിശേഷതകളാണ് അഗ്നി-1 ബാലിസ്റ്റിക് മിസൈലിന്റെ പ്രധാന ആകർഷണീയതയെന്ന് ഉദ്യോഗസ്ഥർ വ്യക്തമാക്കി. ഈ വർഷം ജൂണിലും സമാന രീതിയിൽ പരീക്ഷണ വിക്ഷേപണം നടത്തിയിരുന്നു.
ഉയർന്ന കൃത്യതയുള്ള മിസൈൽ സംവിധാനമാണ് അഗ്നി-1. അഗ്നി സീരീസ് മിസൈലുകളുടെ വിവിധ വകഭേദങ്ങൾ ഇതിനോടകം ഇന്ത്യ വികസിപ്പിച്ചിട്ടുണ്ട്. കഴിഞ്ഞ വർഷം ഒക്ടോബറിൽ ഒഡീഷ തീരത്ത് നിന്ന് പുതുതലമുറ ബാലിസ്റ്റിക് മിസൈലായ അഗ്നി പ്രെം വിജയകരമായി വിക്ഷേപിച്ചിരുന്നു. തുടർന്ന് ഡിസംബറിൽ 5,000 കിലോമീറ്റർ വരെ വിദൂരത്തിൽ പ്രതിരോധം തീർക്കാൻ കഴിയുന്ന അഗ്നി-വി എന്ന ബാലിസ്റ്റിക് മിസൈലും വിജയകരമായി പരീക്ഷിച്ചിട്ടുണ്ട്.