ജമ്മു കശ്മീരിൽ അപകടത്തിൽ മരിച്ച യുവാക്കൾക്ക് ജന്മനാടിന്റെ അന്ത്യാ‌ഞ്ജലി: മൃതദേഹങ്ങൾ നാട്ടിലെത്തിച്ചു


പാലക്കാട്: ജമ്മു കശ്മീരിൽ അപകടത്തിൽ മരിച്ച 4 യുവാക്കളുടെ മൃതദേഹങ്ങൾ ചിറ്റൂരിലെത്തിച്ചു. പൊതുദർശനത്തിന് ശേഷം ചിറ്റൂർ ശ്മശാനത്തിൽ സംസ്കാരം നടക്കും. രാവിലെ എട്ട് മണിവരെയാണ് പൊതുദർശനം നടക്കുക. അതിന് ശേഷം അവരുടെ വീട്ടിലേക്ക് കൊണ്ടുപോവും.

അതേസമയം, ഗുരുതരാവസ്ഥയിലുള്ള മനോജിന്റെ ചികിത്സാചെലവ് സർക്കാർ ഏറ്റെടുക്കുമെന്ന് മന്ത്രി കൃഷ്ണൻകുട്ടി പ്രതികരിച്ചു. മനോജ് നിലവില്‍ കശ്മീരില്‍ ചികിത്സയിലാണ്. മരിച്ചരുടെ കുടുംബത്തിന് ധനസഹായം നൽകുന്ന കാര്യം പിന്നീട് തീരുമാനിക്കുമെന്നും മന്ത്രി അറിയിച്ചു.

പാലക്കാട് ചിറ്റൂർ സ്വദേശികളായ അനിൽ, സുധീഷ്, രാഹുൽ, വിഘ്നേഷ് എന്നിവരാണ് അപകടത്തിൽ മരിച്ചത്. ഇന്നലെ  വൈകുന്നേരം 6 മണിക്ക് ശ്രീനഗറിൽ നിന്നും പുറപ്പെട്ട മുംബൈ വഴിയുള്ള ഇൻഡിഗോ വിമാനത്തിലാണ് മൃതദേഹങ്ങൾ നാട്ടിലെത്തിച്ചത്. ഇന്ന് പുലർച്ചെ 2.25 ന് വിമാനം കൊച്ചിയിലെത്തി. തുടർന്ന് നോർക്ക ഏർപ്പെടുത്തിയ പ്രത്യേക ആംബുലൻസിൽ മൃതദേഹങ്ങൾ സ്വദേശമായ പാലക്കാട് ചിറ്റൂരിൽ എത്തിക്കുകയായിരുന്നു.