ഗെയിമിംഗ് ഇഷ്ടപ്പെടുന്നവർക്കിടയിൽ ഏറെ ആവേശം ഉണർത്തുന്ന ഗെയിമുകളിൽ ഒന്നാണ് ജിടിഎ. ഇത്തവണ ജിടിഎ ആറാം പതിപ്പ് പ്രതീക്ഷിച്ചതിലും നേരത്തെ റിലീസ് ചെയ്തതിന്റെ ആഘോഷത്തിലാണ് ഗ്രാൻഡ് തെഫ്റ്റ് ഓട്ടോ ആരാധകർ. ആറാം പതിപ്പിന്റെ 90 സെക്കന്റ് ദൈർഘ്യമുള്ള ടീസർ യൂട്യൂബിൽ വൻ കയ്യടിയാണ് നേടിയിരിക്കുന്നത്. 12 മണിക്കൂറിനുള്ളിൽ ഏകദേശം 60 ദശലക്ഷത്തിലധികം ആളുകളാണ് ആറാം പതിപ്പിന്റെ ടീസർ കണ്ടിരിക്കുന്നത്. എന്നാൽ, ഈ ഗെയിമിനെതിരെ നീരസം പ്രകടിപ്പിച്ച് രംഗത്തെത്തിയിരിക്കുകയാണ് ടെസ്‌ല സ്ഥാപകനും, ശത കോടീശ്വരനുമായ ഇലോൺ മസ്ക്. ജിടിഎ ആറാം പതിപ്പുമായി ബന്ധപ്പെട്ട് എക്സ് അടക്കമുള്ള സോഷ്യൽ മീഡിയകളിൽ ചർച്ചകൾ കൊഴുക്കുമ്പോഴാണ്, ഇലോൺ മസ്കിന്റെ ജിടിഎ-6 വിരുദ്ധ പരാമർശം.
ഇതിനു മുൻപ് ജിടിഎ-5 ഗെയിം താൻ കളിക്കാൻ ശ്രമിച്ചിട്ടുണ്ടെന്നും, ഗെയിമിന്റെ മൊത്തത്തിലുള്ള ഇന്റർഫേസ് ഇഷ്ടമായിട്ടില്ലെന്നും മസ്ക് വ്യക്തമാക്കി. ഇതിനെ തുടർന്നാണ് ജിടിഎ ആറാം പതിപ്പിനോട് നീരസം പ്രകടിപ്പിച്ചിരിക്കുന്നത്. മസ്കിന്റെ അഭിപ്രായം ചർച്ചകൾക്ക് വഴിയൊരുക്കിയിട്ടുണ്ടെങ്കിലും, ഗെയിമർമാർ വളരെ പ്രതീക്ഷയിലാണ് ജിടിഎ-6ന്റെ വരവിനായി കാത്തിരിക്കുന്നത്. ആദ്യമായി ജിടിഎയിൽ ഒരു സ്ത്രീ കഥാപാത്രം എത്തുന്ന പതിപ്പ് കൂടിയാണ് ആറാമത്തേത്. ജിടിഎ-6 നെ മുൻവിധികളോടെ നോക്കിക്കണ്ട മസ്കിനെതിരെ നിരവധി വിമർശനങ്ങളും ഉയർന്നിട്ടുണ്ട്.