ആധാർ വിവരങ്ങൾ സൗജന്യമായി അപ്ഡേറ്റ് ഇനി ഒരാഴ്ച കൂടി സമയം, അവസാന തീയതി അറിയാം


ഇന്ത്യൻ പൗരന്മാരുടെ പ്രധാനപ്പെട്ട തിരിച്ചറിയൽ രേഖകളിൽ ഒന്നാണ് ആധാർ കാർഡ്. സർക്കാരിൽ നിന്ന് ആനുകൂല്യം ലഭിക്കാനും, ബാങ്ക് അക്കൗണ്ടുകൾ ആരംഭിക്കാനും ഇന്ന് ആധാർ നിർബന്ധമാണ്. അതുകൊണ്ടുതന്നെ ആധാറിലെ വിവരങ്ങൾ സമയബന്ധിതമായി അപ്ഡേറ്റ് ചെയ്യേണ്ടതുണ്ട്. സൗജന്യമായി ആധാർ അപ്ഡേറ്റ് ചെയ്യാൻ യൂണിക് ഐഡന്റിഫിക്കേഷൻ അതോറിറ്റി ഓഫ് ഇന്ത്യ സമയം അനുവദിച്ചിരുന്നു. പൗരന്മാർക്ക് ഡിസംബർ 14 വരെയാണ് ആധാറിലെ വിവരങ്ങൾ സൗജന്യമായി അപ്ഡേറ്റ് ചെയ്യാൻ സാധിക്കുക. ഇനി ഒരാഴ്ച കൂടി മാത്രമാണ് സൗജന്യ സേവനം ലഭിക്കുകയുള്ളൂ.

ആധാർ കാർഡ് ഉടമകൾക്ക് സ്വന്തമായി തന്നെ വിവരങ്ങൾ അപ്ഡേറ്റ് ചെയ്യാൻ കഴിയുന്നതാണ്. ജനങ്ങളുടെ തിരക്ക് പരിഗണിച്ച് ഈ വർഷം സെപ്റ്റംബറിലാണ് സൗജന്യമായി ആധാർ വിവരങ്ങൾ തിരുത്താനുള്ള സമയപരിധി മൂന്ന് മാസത്തേക്ക് കൂടി നീട്ടി നൽകിയത്. സെപ്റ്റംബർ 14 മുതൽ ഡിസംബർ 14 വരെയാണ് അനുവദിച്ച സമയം. പത്ത് വർഷത്തിലധികമായി ആധാർ വിവരങ്ങൾ പുതുക്കാത്തവർക്ക് ഈ സൗകര്യം പ്രയോജനപ്പെടുത്താവുന്നതാണ്.

‘my aadhar’ എന്ന പോർട്ടലിലൂടെയാണ് ആധാർ വിവരങ്ങൾ അപ്ഡേറ്റ് ചെയ്യേണ്ടത്. വിവരങ്ങൾ അപ്ഡേറ്റ് ചെയ്യുന്നതിന് മുൻപായി നിങ്ങളുടെ മൊബൈൽ നമ്പർ നിങ്ങളുടെ ആധാർ നമ്പറുമായി രജിസ്റ്റർ ചെയ്തിട്ടുണ്ടെന്ന് ഉറപ്പുവരുത്തണം. കൂടാതെ, തിരിച്ചറിയൽ രേഖകളുടെ സ്കാൻ ചെയ്ത പകർപ്പുകളും ഉണ്ടായിരിക്കണം. ഐഡന്റിറ്റി, മേൽവിലാസം, ജനനത്തീയതി, ലിംഗഭേദം എന്നിവർ കൃത്യമായി തന്നെ രേഖപ്പെടുത്തിയിട്ടുണ്ടോയെന്ന് ഉറപ്പുവരുത്തേണ്ടതാണ്.