വീടിന് മുന്നില്‍ നിര്‍ത്തിയിട്ടിരുന്ന ബൈക്ക് മോഷ്ടിച്ചു: സിസിടിവി ദൃശ്യങ്ങള്‍ കുടുക്കി, 45കാരനെ കയ്യോടെ പൊക്കി പൊലീസ്



തിരുവനന്തപുരം: വീടിനു മുൻവശത്ത് പാർക്ക് ചെയ്തിരുന്ന ബൈക്ക് മോഷ്ടിച്ച സംഭവത്തില്‍ പ്രതി പിടിയില്‍. വെള്ളറട, മുള്ളിലുവിള സ്വദേശിയായ സന്തോഷ് (44) ആണ് പിടിയിലായത്.

വെള്ളറട പുലിയൂർ ശാലയിൽ വീടിനു മുൻവശത്ത് പാർക്ക് ചെയ്തിരുന്ന ബൈക്ക് ആണ് പ്രതി മോഷ്ടിച്ചത്. വെള്ളറട പൊലീസ് ആണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

ബൈക്ക് മോഷ്ടിച്ചു കൊണ്ടുപോകുന്ന സിസിടിവി ദൃശ്യങ്ങള്‍ ലഭിച്ചിരുന്നു. ഇതാണ് പ്രതിയെ തിരിച്ചറിയാൻ സഹായകമായത്. തുടർന്ന് വെള്ളറട പോലീസ് നടത്തിയ അന്വേഷണത്തിൽ പ്രതിയെ പിടികൂടുകയായിരുന്നു. സന്തോഷിനെതിരെ പാറശ്ശാല പൊലീസ് സ്റ്റേഷനിലും സമാനമായ കേസ് നിലവിലുള്ളതായി പൊലീസ് അറിയിച്ചു. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.