റഷ്യൻ വജ്രങ്ങളുടെ ഇറക്കുമതിക്ക് നിരോധനം ഏർപ്പെടുത്തുന്നു: നടപടി ശക്തമാക്കി ജി7 രാജ്യങ്ങൾ


റഷ്യയിൽ നിന്നുള്ള വജ്രങ്ങളുടെ ഇറക്കുമതി നിരോധിക്കാനൊരുങ്ങി ജി7 രാജ്യങ്ങൾ. 2024 ജനുവരി മുതലാണ് റഷ്യൻ വജ്രങ്ങളുടെ ഇറക്കുമതിക്ക് നിരോധനം ഏർപ്പെടുത്തുക. ജി7 രാജ്യങ്ങൾ ഓൺലൈനായി ചേർന്ന യോഗത്തിലാണ് ഇത് സംബന്ധിച്ച അന്തിമ തീരുമാനം കൈക്കൊണ്ടത്. യുക്രൈനിൽ അധിനിവേശം നടത്തുന്ന റഷ്യയുടെ ധനസമാഹരണം തടയുന്നതിന്റെ ഭാഗമായാണ് പുതിയ നീക്കം. ജനുവരി ഒന്ന് മുതൽ റഷ്യയിൽ നിന്നുള്ള വജ്രങ്ങളുടെ ഇറക്കുമതി നിരോധിക്കുന്നതിനോടൊപ്പം, മാർച്ച് 1 മുതൽ മറ്റ് രാജ്യങ്ങളിൽ സംസ്കരിച്ച റഷ്യൻ വജ്രങ്ങൾ കൂടി നിരോധനത്തിൽ ഉൾപ്പെടുത്തുന്നതാണ്.

ജി7 രാജ്യങ്ങളുടെ തീരുമാനത്തോട് വജ്രം ഉൽപ്പാദിപ്പിക്കുന്ന പല രാജ്യങ്ങളും, പ്രമുഖ ബ്രാൻഡുകളും ശക്തമായ എതിർപ്പ് അറിയിച്ചിട്ടുണ്ട്. ഇറക്കുമതി നിരോധിക്കുന്ന തീരുമാനം പ്രായോഗികമല്ലെന്നും, ഇവ വജ്ര വ്യാപാരത്തെ പ്രതികൂലമായി ബാധിക്കുമെന്നും ഈ മേഖലയിലെ വിദഗ്ധർ അഭിപ്രായപ്പെട്ടു. എന്നാൽ, ഇറക്കുമതി ചെയ്യുന്ന വജ്രങ്ങൾ റഷ്യയിൽ നിന്നാണോ എന്ന് പരിശോധിക്കുന്നതിന് പ്രത്യേക സംവിധാനം ഒരുക്കുമെന്ന് ജി7 വ്യക്തമാക്കിയിട്ടുണ്ട്. ഈ സംവിധാനം എങ്ങനെ രൂപകൽപ്പന ചെയ്യണമെന്നും, നടപ്പിലാക്കണമെന്നും വജ്രം ഉൽപ്പാദിപ്പിക്കുന്ന, രാജ്യങ്ങളുമായി കൂടിയാലോചിച്ച് തീരുമാനിക്കുമെന്ന് ജി7 അറിയിച്ചു. ബ്രിട്ടൻ, കാനഡ, ഫ്രാൻസ്, ജർമ്മനി, ഇറ്റലി, ജപ്പാൻ, യുണൈറ്റഡ് സ്റ്റേറ്റ്സ്, യൂറോപ്യൻ യൂണിയൻ എന്നിവ ഉൾപ്പെടുന്നതാണ് ജി7.