2023 അവസാനിക്കാൻ ഇനി ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ ഇയർ എൻഡ് സെയിലിന് തുടക്കമിട്ട് പ്രമുഖ ഓൺലൈൻ ഷോപ്പിംഗ് പ്ലാറ്റ്ഫോമായ ഫ്ലിപ്കാർട്ട്. ഇയർ എൻഡ് സെയിലിന്റെ ഭാഗമായി ആകർഷകമായ ഓഫറിലാണ് ഓരോ ഉൽപ്പന്നങ്ങളും ഫ്ലിപ്കാർട്ട് ലിസ്റ്റ് ചെയ്തിരിക്കുന്നത്. ഇന്ന് മുതലാണ് ഇയർ എൻഡ് സെയിലിന് ഫ്ലിപ്കാർട്ട് തുടക്കം കുറിച്ചത്. ഫ്ലിപ്കാർട്ട് പ്ലസ് അംഗത്വം ഉള്ളവർക്ക് ഇന്ന് തന്നെ ഓഫർ വിലയിൽ ഉൽപ്പന്നങ്ങൾ ലഭ്യമാക്കിയിട്ടുണ്ട്. ഡിസംബർ 16 വരെയാണ് ഇയർ എൻഡ് സെയിൽ നടക്കുക.
സ്മാർട്ട്ഫോണുകൾ വാങ്ങാൻ ആഗ്രഹിക്കുന്നവർക്കാണ് ഈ വർഷത്തെ ഇയർ എൻഡ് സെയിൽ ഏറെ ഗുണകരം. തിരഞ്ഞെടുത്ത ബ്രാൻഡുകളുടെ സ്മാർട്ട്ഫോണുകൾ ആകർഷകമായ വിലയ്ക്ക് വാങ്ങാനാകും. ഐഫോൺ 14, റെഡ്മി 12, പോകോ തുടങ്ങിയ ബ്രാൻഡുകൾക്കാണ് വമ്പിച്ച വിലക്കിഴിവ് ഒരുക്കിയിരിക്കുന്നത്. ഫ്ലിപ്കാർട്ട് നൽകുന്ന ഓഫറിന് പുറമേ, വിവിധ ബാങ്കുകളും കിഴിവ് നൽകുന്നുണ്ട്. വിപണിയിൽ 69,900 രൂപ വിലമതിക്കുന്ന ഐഫോൺ 14 ഫ്ലിപ്കാർട്ടിൽ ഇപ്പോൾ 57,999 രൂപയ്ക്കാണ് ലിസ്റ്റ് ചെയ്തിരിക്കുന്നത്. ബാങ്ക് ഓഫറുകൾ ലഭിക്കുന്നതോടെ 54,999 രൂപയായി വില വീണ്ടും ചുരുങ്ങും. ഗൂഗിളിന്റെ പിക്സൽ സ്മാർട്ട്ഫോണുകൾക്കും അത്യാകർഷകമായ ഓഫറുകൾ ലഭ്യമാണ്.