ഉപഭോക്താക്കളുടെ കാത്തിരിപ്പുകൾക്കൊടുവിൽ ഫേസ്ബുക്കിലെയും മെസഞ്ചറിലെയും പേഴ്സണൽ ചാറ്റുകളിലും കോളുകളിലും സമ്പൂർണ്ണ എന്റ് ടു എന്റ് സുരക്ഷയൊരുക്കി മെറ്റ. ഉപഭോക്താക്കളുടെ സ്വകാര്യതയ്ക്ക് കൂടുതൽ സംരക്ഷണം ഒരുക്കുന്നതിന്റെ ഭാഗമായാണ് ഈ ഫീച്ചർ ഉൾപ്പെടുത്തിയിരിക്കുന്നത്. പുതിയ അപ്ഡേറ്റ് എന്ന നിലയിൽ, മുഴുവൻ ഉപഭോക്താക്കൾക്കും ഉടൻ തന്നെ ഫേസ്ബുക്കിൽ എന്റ് ടു എന്റ് എൻക്രിപ്ഷൻ ലഭ്യമാക്കുന്നതാണ്. അതേസമയം, മെസഞ്ചർ ആപ്പിൽ ഈ ഫീച്ചർ എത്താൻ അൽപം കൂടി സമയം കാത്തിരിക്കേണ്ടിവരും.
മെസഞ്ചർ ആപ്പിൽ നേരത്തെ തന്നെ എന്റ് ടു എന്റ് എൻക്രിപ്ഷൻ അവതരിപ്പിച്ചിരുന്നു. എന്നാൽ, ഉപഭോക്താക്കൾക്ക് തിരഞ്ഞെടുക്കാൻ കഴിയുന്ന തരത്തിൽ ഇവ ഓപ്ഷണലായാണ് പുറത്തിറക്കിയത്. ഇത്തവണ എത്തുന്ന പുതിയ അപ്ഡേറ്റ് മുഴുവൻ ചാറ്റുകളും കോളുകളും ഓട്ടോമാറ്റിക്കലി എൻക്രിപ്റ്റഡാകും. എന്റ് ടു എന്റ് എൻക്രിപ്ഷൻ സുരക്ഷ ഒരുക്കുന്നതിലൂടെ സന്ദേശം അയക്കുന്ന ആൾക്കും സ്വീകർത്താവിനും ഇടയിൽ മറ്റാർക്കും നുഴഞ്ഞുകയറാനോ, സന്ദേശങ്ങൾ വായിക്കാനോ സാധിക്കുകയില്ല. തുടക്കകാലം മുതൽക്കേ വാട്സ്ആപ്പിലെ ചാറ്റുകളും കോളുകളും എന്റ് ടു എന്റ് എൻക്രിപ്റ്റഡാണ്.