അധികമായി ഈടാക്കിയ 96 രൂപ റീഫണ്ട് ചെയ്യണം, ഒപ്പം 20000 രൂപ നഷ്ടപരിഹാരവും: ഫ്ലിപ്കാർട്ടിന് വീണ്ടും പിഴ
ബെംഗളൂരു: പ്രമുഖ ഓൺലൈൻ ഷോപ്പിംഗ് പ്ലാറ്റ്ഫോമായ ഫ്ലിപ്കാർട്ടിന് പിഴ ചുമത്തി ഉപഭോക്തൃ കോടതി. ഉൽപ്പന്നത്തിന് അധിക തുക ഈടാക്കിയതോടെയാണ് നടപടി. ബിഗ് ബില്യൺ സെയിൽ എന്ന പേരിൽ നടത്തിയ വ്യാപാര മേളയ്ക്കിടെ വാങ്ങിയ ഷാംപൂവിനാണ് പരമാവധി വിലയേക്കാൾ കൂടുതൽ തുക ഈടാക്കിയത്. ഇതോടെ, ബെംഗളൂരു സ്വദേശിനിയായ യുവതിയാണ് പരാതിയുമായി ഉപഭോക്തൃ കോടതിയെ സമീപിച്ചത്. അധിക തുക ഈടാക്കിയ നടപടിയിൽ ഫ്ലിപ്കാർട്ടും വാദങ്ങൾ ഉന്നയിച്ചിരുന്നു. എന്നാൽ, ഫ്ലിപ്കാർട്ടിന്റെ വാദങ്ങൾ തള്ളിയാണ് ഉപഭോക്തൃ കോടതി ബെംഗളൂരു സ്വദേശിനിക്ക് അനുകൂലമായി ഉത്തരവ് പുറപ്പെടുവിച്ചത്.
അധികമായി ഈടാക്കിയ 96 രൂപ ഉടൻ തന്നെ യുവതിയുടെ അക്കൗണ്ടിലേക്ക് റീഫണ്ട് ചെയ്യാൻ ആവശ്യപ്പെട്ടിട്ടുണ്ട്. കൂടാതെ, നഷ്ടപരിഹാരമായി 20,000 രൂപയാണ് നൽകേണ്ടത്. ഇതിനുപുറമേ, സേവന രംഗത്തെ വീഴ്ചയ്ക്ക് 10,000 രൂപയും, അനാരോഗ്യകരമായ വ്യാപാര പ്രവർത്തനങ്ങൾ പ്രോത്സാഹിപ്പിച്ചതിന് 5000 രൂപ അധിക പിഴയായും ചുമത്തിയിട്ടുണ്ട്. നിയമപരമായി ഉൽപ്പാദകനും, കച്ചവടക്കാർക്കും ഉൽപ്പന്നത്തിന് മേൽ പരമാവധി വില മാത്രമേ ഈടാക്കാൻ പാടുള്ളൂ.