എച്ച്ഡി നിലവാരത്തിൽ ഇനി സ്റ്റാറ്റസും പങ്കുവയ്ക്കാം, പുതിയ ഫീച്ചറുമായി വാട്സ്ആപ്പ് എത്തുന്നു


ഉപഭോക്താക്കളെ ആകർഷിക്കാൻ നിരവധി തരത്തിലുള്ള ഫീച്ചറുകൾ ലഭ്യമാക്കുന്ന മെസേജിംഗ് പ്ലാറ്റ്ഫോമാണ് വാട്സ്ആപ്പ്. അതുകൊണ്ടുതന്നെ ഓരോ അപ്ഡേറ്റിലും വ്യത്യസ്തമായ ഫീച്ചറുകൾ ഉൾപ്പെടുത്താൻ വാട്സ്ആപ്പ് പ്രത്യേക ശ്രദ്ധ നൽകാറുണ്ട്. ഇത്തവണ സ്റ്റാറ്റസിലാണ് വാട്സ്ആപ്പ് പുതിയ അപ്ഡേഷനുകൾ ഉൾപ്പെടുത്തിയിരിക്കുന്നത്. എച്ച്ഡി ക്വാളിറ്റിയിൽ ചിത്രങ്ങളും വീഡിയോകളും സ്റ്റാറ്റസായി പങ്കിടാൻ ഉപഭോക്താക്കൾക്ക് സാധിക്കുന്ന തരത്തിലാണ് പുതിയ ക്രമീകരണം ഒരുക്കുന്നത്. ഈ ഫീച്ചർ പരീക്ഷണ അടിസ്ഥാനത്തിൽ തെരഞ്ഞെടുത്ത ഉപഭോക്താക്കൾക്ക് ലഭ്യമാക്കിയിട്ടുണ്ട്.

വാട്സ്ആപ്പിന്റെ ഏറ്റവും പുതിയ ബീറ്റാ പതിപ്പായ ആൻഡ്രോയിഡ് 2.23.26.3-ലാണ് എച്ച്ഡി സ്റ്റാറ്റസ് സപ്പോർട്ട് ലഭിക്കുക. എച്ച്ഡി ക്വാളിറ്റിയിൽ പങ്കുവയ്ക്കുന്നതിനായി പ്രത്യേക ഓപ്ഷനും ഉൾപ്പെടുത്തിയിട്ടുണ്ട്. അതിൽ ക്ലിക്ക് ചെയ്യുന്നതിലൂടെ ഉപഭോക്താക്കൾക്ക് ഉയർന്ന റെസലൂഷൻ ഫോട്ടോകളും, വീഡിയോകളും തിരഞ്ഞെടുക്കാൻ കഴിയുന്നതാണ്. സ്റ്റാറ്റസ് ഇടാൻ കുറഞ്ഞ റെസലൂഷനിലുള്ള ഫോട്ടോകളും വീഡിയോകളും കണ്ടെത്താൻ ഉപഭോക്താക്കൾ നേരിടുന്ന ബുദ്ധിമുട്ട് പരിഗണിച്ചാണ് പുതിയ ഫീച്ചറിന് രൂപം നൽകുന്നത്. അതേസമയം, നേരത്തെ തന്നെ എച്ച്ഡി നിലവാരമുള്ള ചിത്രങ്ങളും, വീഡിയോകളും ചാറ്റുകളിൽ പങ്കുവയ്ക്കാനുളള ഫീച്ചർ വാട്സ്ആപ്പ് ലഭ്യമാക്കിയിട്ടുണ്ട്.