4 ലിറ്റർ പെട്രോൾ അടിച്ചപ്പോൾ അക്കൗണ്ടിൽ നിന്ന് ഡെബിറ്റായത് 16,000 രൂപ! കാർഡ് സ്വയ്പ്പിലും ഒളിഞ്ഞിരുന്ന് പുതിയ കെണി


അഹമ്മദാബാദ്: കയ്യിൽ പണമില്ലെങ്കിൽ മിക്ക ആളുകളും പെട്രോൾ പമ്പുകളിൽ നിന്ന് കാർഡ് സ്വയ്പ്പ് ചെയ്ത് പണമടയ്ക്കുന്ന രീതി തിരഞ്ഞെടുക്കാറുണ്ട്. ഈ പണമിടപാട് രീതി എത്രത്തോളം സുരക്ഷിതമാണ് എന്നതിൽ അന്നും ഇന്നും ആശങ്കകൾ നിലനിൽക്കുന്നുണ്ട്. ഇപ്പോഴിതാ കാർഡ് സ്വയ്പ്പ് ചെയ്ത കർഷകന് അക്കൗണ്ടിൽ നിന്നും നഷ്ടമായത് 16,000 രൂപയാണ്. ഗുജറാത്തിലെ പെട്രോൾ പമ്പിൽ ഇന്ധനമടിക്കാൻ പോയ കർഷകനാണ് ഇത്തരമൊരു തട്ടിപ്പിന് ഇരയായത്. 4 ലിറ്റർ പെട്രോൾ അടിച്ചപ്പോൾ 16,000 രൂപയാണ് കർഷകന്റെ അക്കൗണ്ടിൽ നിന്നും ഒറ്റയടിക്ക് ഡെബിറ്റായത്.

ദേവ്ഭൂമി ദ്വാരകയിൽ നിന്നുള്ള കർഷകനായ വിശാലാണ് സൈബർ ലോകത്തെ ചതിയിൽ അകപ്പെട്ടത്. പെട്രോൾ പമ്പിൽ നിന്ന് 4 ലിറ്റർ പെട്രോൾ അടിച്ച ശേഷം പണം കൊടുക്കാനായി ഡെബിറ്റ് കാർഡാണ് വിശാൽ നൽകിയത്. 4 ലിറ്റർ പെട്രോളിന് 400 രൂപ ഈടാക്കേണ്ടതിന് പകരം, കാർഡ് സ്വയ്പ്പ് ചെയ്തതോടെ നിമിഷങ്ങൾക്കകം 16,000 രൂപ നഷ്ടമാകുകയായിരുന്നു. ഉടൻ തന്നെ വിശാൽ സൈബർ പോലീസിനെ വിവരം അറിയിച്ചു. പിഒഎസ് ഡിവൈസിൽ ഘടിപ്പിച്ചിരുന്ന സ്കിമർ ഉപയോഗിച്ചാണ് തട്ടിപ്പ് ആസൂത്രണം ചെയ്തിരിക്കുന്നത്.

കാർഡ് നമ്പർ, പിൻ, സിവിവി തുടങ്ങിയ ക്ലോൺ ഡാറ്റകളാണ് സ്കിമർ ഉപയോഗിച്ച് ചോർത്തിയത്. ബാങ്ക് വിവരങ്ങൾ ലഭിച്ചശേഷം വിശാലിന്റെ ഫോൺ ഹാക്ക് ചെയ്താണ് പണം തട്ടിയിരിക്കുന്നതെന്ന് പോലീസ് വ്യക്തമാക്കി. ഡിജിറ്റൽ ഫൂട്ട്പ്രിന്റ് ലഭിക്കാതിരിക്കാൻ ഡാർക്ക് വെബ്ബിന്റെ സഹായത്തോടെ ഗിഫ്റ്റ് ആർട്ടിക്കിളികൾ വാങ്ങി കേസിൽ നിന്ന് രക്ഷപ്പെടാനും തട്ടിപ്പ് സംഘം ശ്രമങ്ങൾ നടത്തിയിട്ടുണ്ട്.