സ്വവർഗ ലൈംഗികത കുറ്റകരമാക്കുന്ന ബിൽ : വിയോജിപ്പ് രേഖപ്പെടുത്തി പ്രധാനമന്ത്രിയും കേന്ദ്ര മന്ത്രിസഭയും
ന്യൂഡൽഹി: സ്വവർഗ ലൈംഗികത ക്രിമിനൽ കുറ്റമാക്കൽ, വിവാഹേതര ലൈംഗിക ബന്ധം കുറ്റകരമാക്കൽ എന്നീ നിർദേശങ്ങളോടു മുഖം തിരിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദിയും കേന്ദ്ര മന്ത്രിസഭയും. കൊളോണിയൽ ക്രിമിനൽ നിയമങ്ങൾക്കു പകരമായി ക്രിമിനൽ നിയമ ഭേദഗതി ബില്ലുകൾ അവതരിപ്പിക്കാൻ കേന്ദ്രമന്ത്രിസഭ ആഭ്യന്തര മന്ത്രി അമിത് ഷായ്ക്ക് അനുമതി നൽകിക്കൊണ്ടാണ് വിയോജിപ്പ് രേഖപ്പെടുത്തിയത്.
‘‘ആഭ്യന്തരകാര്യ പാർലമെന്ററി സ്റ്റാൻഡിങ് കമ്മിറ്റിയുടെ രണ്ട് നിർദേശങ്ങളോട് പ്രധാനമന്ത്രി നരേന്ദ്ര മോദിയും അദ്ദേഹത്തിന്റെ ഓഫിസും വിയോജിക്കുന്നു. കാരണം അവ ദൂരവ്യാപകമായ പ്രത്യാഘാതങ്ങൾ ഉണ്ടാക്കും. സുപ്രീം കോടതി വിധിന്യായങ്ങൾക്കും വിരുദ്ധമാകുമാണിത്’’ – ഉന്നതവൃത്തങ്ങൾ അറിയിച്ചു.
ഭാരതീയ ന്യായ് സൻഹിത ബിൽ 2023ൽ വിവാഹേതര ലൈംഗിക ബന്ധം കുറ്റകരമാക്കണമെന്നാണ് സമിതി നിർദേശം നൽകിയത്. വിവാഹേതര ലൈംഗിക ബന്ധം കുറ്റകരമല്ലാതാക്കി 2018ലാണ് സുപ്രീം കോടതി ഉത്തരവ് പുറപ്പെടുവിച്ചത്.
വിവാഹ ബന്ധം പവിത്രമായി കണക്കാക്കപ്പെടുന്നുവെന്നും ഇന്ത്യൻ സമൂഹത്തിൽ അതു സംരക്ഷിക്കപ്പെടേണ്ടതുണ്ടെന്നും ലിംഗഭേദം പാലിക്കേണ്ടതുണ്ടെന്നുമാണ് പാർലമെന്ററി കമ്മിറ്റിയുടെ അഭിപ്രായം. ഈ അഭിപ്രായത്തിന്റെ ചുവടുപിടിച്ചാണ് വിവാഹേതര ലൈംഗിക ബന്ധം കുറ്റകരമാക്കൽ, സ്വവർഗ ലൈംഗികത ക്രിമിനൽ കുറ്റമാക്കൽ എന്നീ നിർദേശങ്ങൾ കമ്മിറ്റി ശുപാർശ ചെയ്തത്. എന്നാൽ ഈ ശുപാർശ അംഗീകരിക്കേണ്ടതില്ലെന്ന് പ്രധാനമന്ത്രിയും മന്ത്രിസഭയും അറിയിക്കുകയായിരുന്നു.