191-ാം പിറന്നാളിന്റെ നിറവിൽ ജോനാഥൻ! കരയിലെ ഏറ്റവും പ്രായം കൂടിയ ജീവിക്ക് ആശംസകൾ അറിയിച്ച് നിരവധി പേർ


ലണ്ടൻ: കരയിൽ ജീവിച്ചിരിക്കുന്ന ഏറ്റവും പ്രായം കൂടിയ ജീവിയായ ജോനാഥൻ ആമ 191-ാം പിറന്നാളിന്റെ നിറവിൽ. തെക്കൻ അറ്റ്ലാന്റിക് സമുദ്രത്തിലെ സെന്റ് ഹെലന ദ്വീപിൽ കഴിയുന്ന ജോനാഥനാണ് ഇന്ന് കരയിൽ ജീവിച്ചിരിക്കുന്നതിൽ ഏറ്റവും പ്രായം കൂടിയ ജീവിയായി കണക്കാക്കുന്നത്. സെന്റ് ഹെലന ഗവർണറുടെ ഔദ്യോഗിക വസതിക്ക് സമീപത്തായാണ് ജോനാഥന്റെ വാസം. ഗിന്നസ് വേൾഡ് റെക്കോർഡ് പ്രകാരം, 1832-ലാണ് ജോനാഥന്റെ ജനനം. 1882-ൽ സീഷെൽസിൽ നിന്ന് സെന്റ് ഹെലന ദ്വീപിലേക്ക് കൊണ്ടുവന്ന വർഷത്തെ അടിസ്ഥാനമാക്കിയാണ് ആമയുടെ പ്രായം കണക്കാക്കിയത്. ആ സമയത്ത് 50 വയസ്സായിരുന്നു.

ആമകളുടെ ശരാശരി ആയുർദൈർഘ്യം 150 വർഷമാണ്. എന്നാൽ, ശരാശരിയെ കടത്തിവെട്ടിയാണ് ജോനാഥൻ 191-ാം പിറന്നാൾ ആഘോഷിച്ചിരിക്കുന്നത്. മണം തിരിച്ചറിയാനുള്ള ശേഷിയും, തിമിരം കാരണം കാഴ്ച ശക്തിയും ജോനാഥന് നഷ്ടമായിട്ടുണ്ട്. എങ്കിലും, ജോനാഥൻ ഇപ്പോഴും പൂർണ്ണ ആരോഗ്യവാനാണെന്ന് വെറ്റിനറി ഡോക്ടർമാർ അറിയിച്ചു. ചൂടുള്ള ദിവസങ്ങളിൽ തണലുളള പ്രദേശത്താണ് ജോനാഥൻ കഴിയുക. കാബേജ്, വെള്ളരി, ക്യാരറ്റ്, ചീര, ആപ്പിൾ എന്നിവയാണ് ജോനാഥന്റെ ഏറ്റവും പ്രിയപ്പെട്ട ഭക്ഷണങ്ങൾ. പിറന്നാൾ ആഘോഷങ്ങളുമായി ബന്ധപ്പെട്ടുള്ള ചിത്രങ്ങളും വീഡിയോകളും വൈറലായതോടെ ലോകത്തിന്റെ വിവിധ കോണുകളിൽ നിന്നും നിരവധി ആളുകളാണ് ജോനാഥന് ജന്മദിനാശംസകൾ നേർന്നിരിക്കുന്നത്.