19,000 രൂപയുടെ ഹെഡ് ഫോൺ ഓർഡർ ചെയ്ത യുവാവിന് ലഭിച്ചത് 20 രൂപ പോലും വിലയില്ലാത്ത ടൂത്ത് പേസ്റ്റ്! മറുപടിയുമായി ആമസോൺ
ന്യൂഡൽഹി: ഓൺലൈൻ ഷോപ്പിംഗ് നടത്തുമ്പോൾ വിവിധ തരത്തിലുള്ള അമളികൾ പറ്റുന്ന വാർത്തകൾ എന്നും സോഷ്യൽ മീഡിയകളിൽ വലിയ രീതിയിലുള്ള ചർച്ചാവിഷയമായി മാറാറുണ്ട്. ഇപ്പോഴിതാ അത്തരം ഒരു വിചിത്രമായ ഷോപ്പിംഗ് അനുഭവം പങ്കുവെച്ചിരിക്കുകയാണ് യാഷ് ഓജ എന്ന ഉപഭോക്താവ്. എക്സ് പ്ലാറ്റ്ഫോമിലൂടെയാണ് തനിക്കുണ്ടായ ദുരനുഭവത്തെക്കുറിച്ച് യാഷ് വ്യക്തമാക്കുന്നത്. പ്രമുഖ ഇ-കോമേഴ്സ് പ്ലാറ്റ്ഫോമായ ആമസോണിൽ നിന്നാണ് 19,000 രൂപ വിലമതിക്കുന്ന സോണി എക്സ്ബി910എൻ വയർലെസ് ഹെഡ്ഫോൺ ഓർഡർ ചെയ്തത്. എന്നാൽ, കിട്ടിയതാകട്ടെ ഇരുപത് രൂപ പോലും വിലയില്ലാത്ത ടൂത്ത് പേസ്റ്റ്.
യാഷ് എക്സിൽ പങ്കുവെച്ച അൺബോക്സിംഗ് വീഡിയോ നിമിഷങ്ങൾക്കകമാണ് വൈറലായി മാറിയത്. സോണി എക്സ്ബി910എൻ വാങ്ങാൻ ഓർഡർ നൽകി, ലഭിച്ചത് കോൾഗേറ്റ് ടൂത്ത് പേസ്റ്റ് എന്ന ആമുഖത്തോടെയാണ് വീഡിയോ ആരംഭിക്കുന്നത്. അൺബോക്സിംഗ് വീഡിയോ ഒന്നടങ്കം സോഷ്യൽ മീഡിയ ഏറ്റെടുത്തതോടെ ക്ഷമ ചോദിച്ച് ആമസോണും രംഗത്തെത്തി. ഓർഡർ ചെയ്ത ഉൽപ്പന്നം മാറിപ്പോയതാണെന്നും, അവ ഉടൻ തന്നെ മാറ്റി നൽകാമെന്നും ആമസോൺ വ്യക്തമാക്കി. ഉൽപ്പന്നങ്ങൾ മാറിപ്പോകുന്ന ഇത്തരം സന്ദർഭങ്ങളിൽ ഓർഡർ, അക്കൗണ്ട് വിവരങ്ങൾ എന്നിവ വെളിപ്പെടുത്തി സ്വകാര്യ വിവരങ്ങൾ പുറത്തുവരുന്ന സാഹചര്യം പരമാവധി ഒഴിവാക്കണമെന്നും ആമസോൺ അഭ്യർത്ഥിച്ചു.