ബിജെപി എനിക്ക് എല്ലാം തന്നു, നന്ദി പറഞ്ഞ് ശിവരാജ് സിംഗ് ചൗഹാൻ: നൽകുന്ന ഏത് ദൗത്യവും സ്വീകരിക്കും


ഭാരതീയ ജനതാ പാർട്ടിയ്ക്ക് നന്ദി പറഞ്ഞ് മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാൻ പാർട്ടി തനിക്ക് എല്ലാം നൽകിയെന്നും ഇനി തിരികെ നൽകേണ്ട സമയമാണെന്നും സ്ഥാനമൊഴിഞ്ഞ വേളയിൽ അദ്ദേഹം പറഞ്ഞു. നാല് തവണ മുഖ്യമന്ത്രിയായ അദ്ദേഹം പാർട്ടി നൽകുന്ന ഏത് ദൗത്യവും നിർവഹിക്കുമെന്നും വ്യക്തമാക്കി. കഴിഞ്ഞ മാസം നടന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ പാർട്ടിയുടെ ഉജ്ജ്വല വിജയം നേടിയിരുന്നു. ശിവരാജ് സിംഗ് ചൗഹാന് പകരമായി മോഹൻ യാദവ് ആണ് പുതിയ മുഖ്യമന്ത്രിയായി സത്യപ്രതിജഞ ചെയ്യുക.

‘ഒരു സാധാരണ പ്രവർത്തകനെ 18 വർഷം മുഖ്യമന്ത്രിയാക്കിയത് ബിജെപിയാണ്, പാർട്ടി എനിക്ക് എല്ലാം തന്നു, ഇപ്പോൾ, ഞാൻ ബിജെപിക്ക് തിരിച്ച് നൽകേണ്ട സമയമാണ്.’- ശിവരാജ് ചൗഹാൻ പങ്കുവച്ച വീഡിയോയിൽ പറയുന്നതായി വാർത്താ ഏജൻസിയായ എഎൻഐ റിപ്പോർട്ട് ചെയ്തു.

‘ഡൽഹിയിൽ പോയി എനിക്കായി എന്തെങ്കിലും ചോദിക്കുന്നതിനേക്കാൾ മരിക്കുന്നതാണ് നല്ലത് എന്ന് താഴ്മയോടെ പറയാൻ ഞാൻ ആഗ്രഹിക്കുന്നു.’- ചൗഹാൻ പറഞ്ഞതായി വാർത്താ ഏജൻസി പിടിഐ റിപ്പോർട്ട് ചെയ്തു. ‘ഒരു വ്യക്തി സ്വയം കേന്ദ്രീകരിക്കുമ്പോൾ, അവൻ തന്നെക്കുറിച്ചാണ് ചിന്തിക്കുന്നത്. എന്നാൽ ബിജെപി ഒരു ദൗത്യമാണ്, ഓരോ തൊഴിലാളിക്കും കുറച്ച് ജോലിയുണ്ട്. എന്നെ ഏൽപ്പിച്ചിരിക്കുന്ന ഏത് ജോലിയും ഞാൻ ചെയ്യും.’- 64-കാരനായ ചൗഹാൻ കൂട്ടിച്ചേർത്തു.

ബിജെപി പ്രവർത്തകരുടെ പ്രവർത്തനങ്ങളെയും മധ്യപ്രദേശിലെ ‘ലാഡ്‌ലി ബെഹ്‌ന’ യോജന പോലെയുള്ള സംസ്ഥാന സർക്കാരിന്റെയും കേന്ദ്രത്തിന്റെയും ക്ഷേമ പദ്ധതികളെയും അദ്ദേഹം പ്രശംസിച്ചു. അതേസമയം, മുഖ്യമന്ത്രിയുടെ വസതി സന്ദർശിക്കാനെത്തിയ ഒരു കൂട്ടം സ്ത്രീകൾ ചൗഹാന്റെ സാന്നിധ്യത്തിൽ കരയുന്ന വീഡിയോയും സോഷ്യൽ മീഡിയയിൽ പ്രത്യക്ഷപ്പെട്ടു.