ഉപഭോതൃ സേവനങ്ങൾ മെച്ചപ്പെടുത്താൻ ഓരോ അപ്ഡേറ്റിലും വ്യത്യസ്തമായ ഫീച്ചറുകൾ ഉൾക്കൊള്ളിക്കുന്ന മെസേജിംഗ് പ്ലാറ്റ്ഫോമാണ് വാട്സ്ആപ്പ്. അതുകൊണ്ടുതന്നെ അടുത്തിടെ നിരവധി ഫീച്ചറുകളാണ് വാട്സ്ആപ്പിൽ മെറ്റ അവതരിപ്പിച്ചത്. ഇപ്പോഴിതാ മെസേജുകൾ പിൻ ചെയ്ത് വയ്ക്കാൻ കഴിയുന്ന പുതിയ ഫീച്ചറിനാണ് വാട്സ്ആപ്പ് രൂപം നൽകിയിരിക്കുന്നത്. ഇതോടെ, ഉപഭോക്താക്കൾക്ക് വ്യക്തിഗത ചാറ്റുകളിലെ മെസേജും, ഗ്രൂപ്പുകളിലെ മെസേജും പിൻ ചെയ്ത് വയ്ക്കാൻ സാധിക്കുന്നതാണ്. ഇതിനായി മൂന്ന് സമയം പരിധിയും ഉൾപ്പെടുത്തിയിട്ടുണ്ട്. ഉപഭോക്താക്കൾക്ക് ആവശ്യാനുസരണം ഇവ തിരഞ്ഞെടുക്കാവുന്നതാണ്.
പരമാവധി 30 ദിവസം വരെയാണ് മെസേജുകൾ പിൻ ചെയ്ത് വയ്ക്കാൻ സാധിക്കുക. ടെക്സ്റ്റ് മെസേജ്, ചിത്രങ്ങൾ, ഇമോജികൾ എന്നിവ ഉൾപ്പെടെയുള്ളവ ഇത്തരത്തിൽ പിൻ ചെയ്ത് വയ്ക്കാൻ കഴിയുന്നതാണ്. 24 മണിക്കൂർ, 7 ദിവസം, 30 ദിവസം എന്നിങ്ങനെ മൂന്ന് സമയപരിധികളാണ് നൽകിയിട്ടുള്ളത്. പിൻ ചെയ്ത് വയ്ക്കുന്നതിന്റെ ദൈർഘ്യം തിരഞ്ഞെടുക്കുന്നതിനായി ഇതിൽ തന്നെ പ്രത്യേക ഓപ്ഷൻ ഉണ്ടാകും. ഗ്രൂപ്പ് ചാറ്റുകളിലെ മെസേജുകൾ പിൻ ചെയ്യാനുള്ള സ്വാതന്ത്ര്യം അഡ്മിന്മാർക്ക് മാത്രം നൽകുന്ന രീതിയിലാണ് ക്രമീകരണം. കൂടാതെ, അഡ്മിൻ തിരഞ്ഞെടുക്കുന്ന അംഗങ്ങൾക്കും മെസേജുകൾ പിൻ ചെയ്യാനാകും. വാട്സ്ആപ്പിന്റെ ഏറ്റവും പുതിയ വേർഷൻ അപ്ഡേറ്റ് ചെയ്യുന്നവർക്ക് ഈ ഫീച്ചർ ലഭിക്കുന്നതാണ്.