സഞ്ചാരികൾക്ക് സന്തോഷ വാർത്ത! ലോകത്തിന്റെ ഏത് കോണിൽ നിന്നും വിസയില്ലാതെ ഇനി ഈ രാജ്യത്തെത്താം


നെയ്റോബി: അതിപുരാതനമായ ഒട്ടനവധി നിർമ്മിതികളുടെയും നിഗൂഢതകൾ ഒളിപ്പിക്കുന്ന സംസ്കാരത്തിന്റെയും ഉറവിടമാണ് ഓരോ ആഫ്രിക്കൻ രാജ്യവും. വളരെയധികം വൈവിധ്യം നിലനിൽക്കുന്ന ആഫ്രിക്കൻ രാജ്യങ്ങൾ സന്ദർശിക്കുന്ന സഞ്ചാരികളും നിരവധിയാണ്. ഇപ്പോഴിതാ ലോകത്തിന്റെ ഏത് കോണിൽ നിന്നുമുള്ള സന്ദർശകർക്ക് വിസ രഹിത പ്രവേശനം അനുവദിച്ചിരിക്കുകയാണ് പ്രമുഖ ആഫ്രിക്കൻ രാജ്യമായ കെനിയ. 2024 ജനുവരി മുതലാണ് ലോകത്തിലെ എല്ലാ സഞ്ചാരികൾക്കുമായി കെനിയ വിസ ഇല്ലാത്ത പ്രവേശനം അനുവദിക്കുക. ഇത് സംബന്ധിച്ച വിവരങ്ങൾ കെനിയൻ പ്രസിഡന്റ് വില്യം റൂട്ടോ പങ്കുവെച്ചിട്ടുണ്ട്.

പുതിയ ഡിജിറ്റൽ പ്ലാറ്റ്ഫോം വഴി വിദേശികൾക്ക് പ്രവേശനം അനുവദിക്കുന്നതാണ്. മുഴുവൻ രാജ്യക്കാർക്കും വിസ ഇല്ലാത്ത പ്രവേശനം ഉറപ്പുവരുത്തുന്നതോടെ, രാജ്യത്തേക്ക് എത്തുന്ന വിനോദസഞ്ചാരികളുടെ എണ്ണത്തിൽ ഗണ്യമായ വളർച്ച ഉണ്ടാകുമെന്നാണ് വിലയിരുത്തൽ. മാസായി മാരാ, അംബോസലി, സാവോ തുടങ്ങി ആഫ്രിക്കൻ ഭൂഖണ്ഡത്തിലെ ഏറ്റവും പ്രശസ്തമായ വന്യജീവി സങ്കേതങ്ങൾ സ്ഥിതി ചെയ്യുന്നത് കെനിയയിലാണ്. കോവിഡിന് ശേഷം വിനോദസഞ്ചാര മേഖല പഴയ പടിയാക്കാൻ നിരവധി രാജ്യങ്ങൾ ഇതിനോടകം തന്നെ വിസ രഹിത പ്രവേശനം ഉറപ്പുവരുത്തുന്നുണ്ട്.