യുവതലമുറയ്ക്കിടയിൽ ഏറെ സ്വാധീനമുള്ള സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമാണ് സ്നാപ്ചാറ്റ്. ആകർഷകമായ ഫീച്ചറുകളാണ് സ്നാപ്ചാറ്റിന്റെ പ്രധാനപ്പെട്ട പ്രത്യേകത. ഇപ്പോഴിതാ ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ പുതിയ സാധ്യതകൾ കൂടി പ്രയോജനപ്പെടുത്തിയിരിക്കുകയാണ് സ്നാപ്ചാറ്റ്. മാജിക്കിന് സമാനമായ രീതിയിൽ ദൃശ്യങ്ങൾ സൃഷ്ടിച്ച് പങ്കുവയ്ക്കാൻ കഴിയുന്ന എഐ പവർ സ്നാപ്പുകൾക്കാണ് രൂപം നൽകിയിരിക്കുന്നത്. സ്നാപ്ചാറ്റ് സബ്സ്ക്രൈബേഴ്സിന് ഈ ഫീച്ചർ ഉപയോഗിക്കാനാകും. മറ്റ് സവിശേഷതകൾ എന്തൊക്കെയെന്ന് അറിയാം.
സ്നാപ്ചാറ്റിലൂടെ ഉപഭോക്താക്കൾക്ക് ആപ്പിനുള്ളിൽ തന്നെ എഐ ജനറേറ്റഡ് ഇമേജുകൾ സൃഷ്ടിക്കാൻ കഴിയും. ഇതിനായി പ്രത്യേക എഐ ബട്ടൺ നൽകിയിട്ടുണ്ട്. ഉപഭോക്താവിന്റെ ഫോണിലുള്ള സ്നാപ്ചാറ്റിലെ ക്യാമറ ബട്ടന് സമീപമായാണ് ഇവ ഉള്ളത്. ഇതിൽ ടാപ്പ് ചെയ്ത് എന്തെങ്കിലും വാക്യങ്ങൾ ടൈപ്പ് ചെയ്യുകയാണെങ്കിൽ, ഉപഭോക്താവിന്റെ നിർദ്ദേശാനുസരണം പ്രത്യേക ചിത്രങ്ങൾ നിർമ്മിച്ചു നൽകുന്നതാണ്.
ആദ്യ ഘട്ടത്തിൽ പെയ്ഡ് ഫീച്ചർ എന്ന നിലയിൽ സ്നാപ്ചാറ്റിന്റെ പ്ലസ് വരിക്കാർക്ക് മാത്രമാണ് ഈ ഫീച്ചർ ലഭ്യമാക്കിയിട്ടുള്ളൂ. പ്ലസ് വരിക്കാർക്ക് 8 എഐ അധിഷ്ഠിത സൗജന്യ പായ്ക്കുകളാണ് ലഭിക്കുക. സെൽഫികൾ കൂടുതൽ മനോഹരമാക്കാൻ ഈ ഫീച്ചർ ഉപയോഗപ്പെടുത്താവുന്നതാണ്. എഐ സാങ്കേതികവിദ്യയുമായി ബന്ധപ്പെട്ട് സ്നാപ്ചാറ്റ് അടുത്തിടെ നിരവധി പരീക്ഷണങ്ങൾ നടത്തിയിരുന്നു.