എയർ ഇന്ത്യയുടെ ജീവനക്കാർ ഇനി പുതിയ ലുക്കിൽ! യൂണിഫോമിൽ അടിമുടി പരിഷ്കരണം


ന്യൂഡൽഹി: ടാറ്റ ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുള്ള എയർലൈനായ എയർ ഇന്ത്യയിൽ അടിമുടി പരിഷ്കരണം. പൈലറ്റുമാർക്കും ക്യാബിൻ ക്രൂവിനും പുത്തൻ യൂണിഫോം നൽകിയാണ് ഇക്കുറി എയർ ഇന്ത്യ ലോകശ്രദ്ധ പിടിച്ചുപറ്റിയത്. ചുവപ്പ്, പർപ്പിൾ, ഗോൾഡ് എന്നിങ്ങനെ ആകർഷകമായ നിറങ്ങളിലാണ് യൂണിഫോം രൂപകൽപ്പന ചെയ്തിട്ടുള്ളത്. മനേഷ് മൽഹോത്രയാണ് യൂണിഫോമിന്റെ ഡിസൈനർ. ആത്മവിശ്വാസമുള്ള, ഊർജ്ജസ്വലമായ പുതിയ ഇന്ത്യയെ പ്രതിനിധീകരിക്കുന്ന നിറങ്ങളാണ് ഇവയെന്ന് എയർ ഇന്ത്യ വ്യക്തമാക്കി.

ഏവിയേഷൻ ചരിത്രത്തിൽ ലോകത്തിലെ ഏറ്റവും മികച്ച യൂണിഫോം കൂടിയാണ് എയർ ഇന്ത്യയുടേത്. ക്യാബിൻ ക്രൂ, കോക്ക്പിറ്റ് ക്രൂ, ഗ്രൗണ്ട് ഉദ്യോഗസ്ഥർ, സുരക്ഷാ ഉദ്യോഗസ്ഥർ എന്നിവർ ഉൾപ്പെടെ 10000-ത്തിലധികം എയർ ഇന്ത്യ ജീവനക്കാർക്ക് മനീഷ് മൽഹോത്ര യൂണിഫോം രൂപകൽപ്പന ചെയ്തിട്ടുണ്ട്. എയർ ഇന്ത്യയുമായി സഹകരിക്കുന്നത് ഒരു ബഹുമതിയാണെന്ന് കഴിഞ്ഞ ഒക്ടോബറിൽ മനേഷ് മൽഹോത്ര പറഞ്ഞിരുന്നു. ടാറ്റ ഗ്രൂപ്പ് ഏറ്റെടുത്തതിനു ശേഷം എയർ ഇന്ത്യ അടിമുടി മാറ്റാനുള്ള ശ്രമങ്ങൾക്ക് ഇതിനോടകം തന്നെ തുടക്കമിട്ടിട്ടുണ്ട്.

അടുത്തിടെയാണ് എയർ ഇന്ത്യ പുതിയ ലോഗോ പുറത്തിറക്കിയത്. കൂടാതെ, എയർലൈനിന്റെ നിറവും പരിഷ്കരിച്ചിട്ടുണ്ട്. ചുവപ്പ്, വെള്ള, പർപ്പിൾ എന്നിങ്ങനെ മൂന്ന് നിറങ്ങൾ ഉൾപ്പെടുത്തിയാണ് വിമാനങ്ങളുടെ രൂപം മാറ്റിയത്. അധികം വൈകാതെ തന്നെ പുതിയ ലുക്കിലുള്ള വിമാനങ്ങൾ സർവീസ് നടത്തുന്നതാണ്.