എക്‌സൈസ് സ്‌പെഷ്യൽ ഡ്രൈവ്: നടുവേദനക്കുള്ള ഒറ്റമൂലി എന്ന വ്യാജേന ചാരായം വിൽപ്പന നടത്തിയ യുവാവ് പിടിയിൽ


കൊച്ചി: നടുവേദനക്കുള്ള ഒറ്റമൂലി എന്ന വ്യാജേന ചാരായം വിൽപ്പന നടത്തിയ സംഭവത്തിൽ യുവാവ് പിടിയിൽ. പള്ളിപ്പുറം മാണി ബസാർ സ്വദേശി, പള്ളി പറമ്പിൽ വീട്ടിൽ റോക്കി ജിതിൻ ആണ് പിടിയിലായത്. ക്രിസ്തുമസ് പുതുവത്സരാഘോഷങ്ങളുടെ ഭാഗമായി അനധികൃത മദ്യ- മയക്കുമരുന്ന് വിപണനത്തിനും വ്യാപനത്തിനുമെതിരെ എക്‌സൈസ് നടത്തുന്ന സ്‌പെഷ്യൽ ഡ്രൈവിന്റെ ഭാഗമായുള്ള നിരീക്ഷണത്തിലാണ് ഇയാൾ പിടിയിലായത്.

നടുവേദനയ്ക്കുള്ള ഒറ്റമൂലി 100 എംഎല്ലിന് 150 രൂപ എന്ന നിരക്കിൽ വ്യാപകമായി വിറ്റഴിക്കപ്പെടുന്നുണ്ടെന്നുള്ള വിവരത്തെ തുടർന്ന് എക്‌സൈസ് ഇന്റലിജൻസ് വിഭാഗം നടത്തിയ അന്വേഷണത്തിലാണ് ഇത് ചാരായമാണെന്ന് മനസ്സിലായത്. സ്ഥിരമായി വാങ്ങുന്ന ഏതാനും ചില പരിചയക്കാർക്ക് മാത്രമാണ് ഇത് നൽകുന്നതെന്നും എക്‌സൈസ് കണ്ടെത്തി.

വിപണിയിൽ വീണ്ടും ഐക്യൂ തരംഗം! കാത്തിരിപ്പുകൾക്കൊടുവിൽ ഐക്യൂ 12 എത്തി

ഇയാളുടെ താമസ സ്ഥലത്ത് നടത്തിയ പരിശോധനയിൽ എക്‌സൈസ് സംഘം എട്ട് ലിറ്ററോളം ചാരായവും, 10 ലിറ്ററോളം ചാരായ നിർമ്മാണത്തിന് പാകമാക്കി വച്ചിരിക്കുന്ന വാഷും കണ്ടെടുത്തു. ഇയാൾ ചാരായം വാറ്റുന്നതിന് ഉപയോഗിച്ചിരുന്ന വാറ്റുപകരണങ്ങളും എക്‌സൈസ് കസ്റ്റഡിയിലെടുത്തു. അയൽപക്കക്കാർക്കും മറ്റും ചാരായം വാറ്റുന്നതിന്റെ ഗന്ധം ലഭിക്കാതിരിക്കാനും ഒറ്റമൂലി ഉണ്ടാക്കുന്നതിന്റെ പ്രതീതി സൃഷ്ടിക്കുവാനും വേണ്ടി ആയുർവേദ ഉത്പന്നങ്ങൾ കൂട്ടിയിട്ട് കത്തിച്ചിരുന്നതായും ഇയാൾ വ്യക്തമാക്കി.

യൂട്യൂബ് നോക്കിയാണ് ചാരായ വാറ്റുപഠിച്ചതെന്നും പിടിക്കപ്പെടാതിരിക്കാനാണ് ഒറ്റമൂലി എന്ന രീതിയിൽ പരിചയക്കാർക്ക് മാത്രം ചാരായം നൽകിയിരുന്നതെന്നും ചോദ്യം ചെയ്തതിൽ ജിതിൻ സമ്മതിച്ചു. മുൻകൂട്ടി ബുക്ക് ചെയ്യുന്നതിനനുസരിച്ച് ആവശ്യക്കാർക്ക് താമസസ്ഥലത്ത് എത്തിച്ച് കൊടുക്കുകയായിരുന്നു ചെയ്തിരുന്നതെന്നും ഇയാൾ വെളിപ്പെടുത്തി.