ചലച്ചിത്ര അക്കാദമി ചെയര്‍മാൻ രഞ്ജിത്ത് ഒറ്റയ്ക്ക് തീരുമാനമെടുക്കുന്നുവെന്നും തങ്ങളോട് ഒന്നും ആലോചിക്കുന്നില്ലെന്നും അക്കാദമിയിലെ മറ്റ് അംഗങ്ങള്‍ പരാതി ഉന്നയിക്കുന്ന സംഭവത്തിൽ പ്രതികരണവുമായി രഞ്ജിത്.
ചലച്ചിത്ര മേളയുടെ പ്രധാന വേദിയായ ടാഗോര്‍ തിയേറ്ററില്‍ കുക്കു പരമേശ്വരൻ, മനോജ് കാന തുടങ്ങി ഒൻപത് അംഗങ്ങളുടെ രഹസ്യയോഗം നടന്നു. അക്കാദമി ചെയര്‍മാൻ സ്ഥാനത്തുനിന്ന് രഞ്ജിത്തിനെ നീക്കണമെന്നാണ് ഇവര്‍ മുന്നോട്ടു വയ്ക്കുന്ന പ്രധാന ആവശ്യം.ഈ വിഷയത്തിലാണ് രഞ്ജിത്തിന്റെ പ്രതികരണം. താൻ ഒറ്റയ്ക്കല്ല തീരുമാനങ്ങളെടുക്കുന്നതെന്നും തുടരേണ്ടെന്ന് സര്‍ക്കാര്‍ പറഞ്ഞാല്‍ പുറത്തുപോകുമെന്നും രഞ്ജിത്ത് പ്രതികരിച്ചു.
READ ALSO: വോഡഫോൺ- ഐഡിയയുടെ നിയന്ത്രണം സ്വന്തമാക്കില്ല, വ്യക്തത വരുത്തി കേന്ദ്രസർക്കാർ
‘അംഗങ്ങള്‍ സര്‍ക്കാരിന് പരാതി നല്‍കിയിട്ടുണ്ടെങ്കില്‍ നമുക്കൊരു സംസ്‌കാരിക വകുപ്പുണ്ട്, അതിനൊരു മന്ത്രിയുണ്ട്, അതിനും മുകളില്‍ മുഖ്യമന്ത്രിയുണ്ട്. അവരത് പരിശോധിക്കുക തന്നെ ചെയ്യും. പരാതിയില്‍ അവര്‍ക്ക് പ്രാധാന്യം ബോദ്ധ്യപ്പെട്ടാല്‍ തീര്‍ച്ചയായും എന്നെ ബന്ധപ്പെടും.
സ്ഥാനത്ത് തുടരാൻ ഞാൻ അര്‍ഹനല്ല എന്നവര്‍ പറയുകയാണെങ്കില്‍ ആ നിമിഷം പടിയിറങ്ങാനുള്ള മനസ് എനിക്കുണ്ട്. എല്ലാം പുതിയ അനുഭവങ്ങളാണ്. രഞ്ജിത് ഒറ്റയ്ക്കാണോ തീരുമാനങ്ങളെടുക്കുന്നത് എന്ന് മറ്റുള്ളവരോട് ഒന്ന് ചോദിക്കണം. രഞ്ജിത്തിന്റെ സമീപനത്തില്‍ ബുദ്ധിമുട്ടുകയാണ് എന്നവര്‍ പറയുകയാണെങ്കില്‍ സര്‍ക്കാരിന് അംഗങ്ങളുടെ പരാതി ബോദ്ധ്യപ്പെടും. ഞാനിറങ്ങുകയും ചെയ്യും’- രഞ്ജിത്ത് വ്യക്തമാക്കി.