വിപണിയിൽ വീണ്ടും ഐക്യൂ തരംഗം! കാത്തിരിപ്പുകൾക്കൊടുവിൽ ഐക്യൂ 12 എത്തി


വിപണിയിൽ വീണ്ടും തരംഗമായി മാറി ഐക്യൂ. ഉപഭോക്താക്കൾ ദീർഘനാളായി കാത്തിരുന്ന ഐക്യൂ 12 സ്മാർട്ട്ഫോണുകൾ ഇന്ന് മുതലാണ് സെയിലിന് എത്തിയത്. ഇതോടെ, ആരാധകർ ഒന്നടങ്കം ആകാംക്ഷയലാണ്. ദിവസങ്ങൾക്ക് മുൻപാണ് ഈ സ്മാർട്ട്ഫോൺ അവതരിപ്പിച്ചതെങ്കിലും , ഇന്ന് മുതലാണ് ഉപഭോക്താക്കൾക്ക് വാങ്ങാൻ കഴിഞ്ഞിരുന്നത്. പ്രോസസറിലും, ഫാസ്റ്റ് ചാർജിംഗിലും കരുത്തുറ്റ ഈ ഹാൻഡ്സെറ്റ് ചുരുങ്ങിയ കാലയളവിനുള്ളിലാണ് ശ്രദ്ധ നേടിയെടുത്തത്. ഐക്യൂ 12-ന്റെ ലോഞ്ച് ഓഫറിനെ കുറിച്ച് കൂടുതൽ പരിചയപ്പെടാം.

ഇന്ന് ഉച്ചയ്ക്ക് 12:00 മുതലാണ് ഐക്യൂ 12-ന്റെ ഔദ്യോഗിക വിൽപ്പന ആരംഭിച്ചത്. മണിക്കൂറുകൾ കൊണ്ട് നിരവധി ഉപഭോക്താക്കൾ ഈ സ്മാർട്ട്ഫോൺ ഓർഡർ ചെയ്തിട്ടുണ്ട്. ഇവയുടെ യഥാർത്ഥ വില 50,000 രൂപയ്ക്ക് മുകളിലാണെങ്കിലും, ലോഞ്ച് ഓഫറിന്‍റെ ഭാഗമായി 40,000 രൂപ റേഞ്ചിലാണ് വിറ്റഴിക്കുന്നത്. പ്രധാനമായും രണ്ട് സ്റ്റോറേജ് വേരിയന്റുകളിലാണ് ഇവ വാങ്ങാൻ കഴിയുക. 12 ജിബി റാം പ്ലസ് 256 ജിബി ഇന്റേണൽ സ്റ്റോറേജ് ഉള്ള മോഡലിന് 52,999 രൂപയും, 16 ജിബി റാം പ്ലസ് 512 ജിബി ഇന്റേണൽ സ്റ്റോറേജ് ഉള്ള മോഡലിന് 57,999 രൂപയുമാണ്. നിലവിൽ, ആമസോൺ വഴിയാണ് ഇവ ഓർഡർ ചെയ്യാൻ കഴിയുക. ഐസിഐസിഐ ബാങ്ക്, എച്ച്ഡിഎഫ്സി ബാങ്ക് എന്നിവയുടെ ക്രെഡിറ്റ് കാർഡ് ഉപയോഗിച്ച് പർച്ചേസ് ചെയ്യുകയാണെങ്കിൽ 3000 രൂപയുടെ ഇൻസ്റ്റന്റ് ഡിസ്കൗണ്ടും ലഭിക്കുന്നതാണ്.