കേരളത്തിന് ആശ്വാസം, വായ്പാ പരിധിയിൽ നിന്നും 3140 കോടി രൂപ ഒഴിവാക്കി കേന്ദ്രസർക്കാർ


തിരുവനന്തപുരം: സംസ്ഥാനത്തിന്റെ കടമെടുപ്പ് പരിധിയില്‍ നിന്നും ഈ വര്‍ഷം 3140 കോടിരൂപ വെട്ടിക്കുറക്കാനുള്ള കേന്ദ്രത്തിന്റെ തീരുമാനം ഒരു വര്‍ഷത്തേയ്ക്ക് നീട്ടി. കേരളത്തിന്റെ വായ്പാ പരിധിയിൽനിന്ന് കിഫ്ബിയും സാമൂഹിക സുരക്ഷാ കമ്പനിയും ചേർന്നെടുത്ത 3140 കോടി രൂപയുടെ വായ്പ ഒഴിവാക്കിയ കേന്ദ്രത്തിന്റെ നടപടിയാണ് കേരളത്തിന് താത്ക്കാലിക ആശ്വാസമാകുന്നത്.

ഇതോടെ 2000 കോടി രൂപ കടമെടുക്കാൻ ധനവകുപ്പ് തീരുമാനിച്ചു. ഈ സാമ്പത്തിക വര്‍ഷം തീരുന്നതിന് മുമ്പ് ഇത്രയും തുക കടമെടുക്കാന്‍ കേരളത്തിന് അവസരം ലഭിച്ചിരിക്കുകയാണ്. രൂക്ഷമായ സാമ്പത്തിക പ്രതിസന്ധികളിലൂടെ കടന്ന് പോകുന്ന കേരളത്തെ സംബന്ധിച്ച് ആശ്വാസകരമാണ് ഈ തീരുമാനം.

മുഖ്യമന്ത്രിയും ധനമന്ത്രിയും കേന്ദ്രസര്‍ക്കാരുമായി നിരന്തരം നടത്തിയ കത്തിടപാടുകളുടെ ഭാഗമായാണ് കേന്ദ്രം തീരുമാനം ഒരു വര്‍ഷത്തേയ്ക്ക് നീട്ടിയത്. കേന്ദ്രത്തിന്റെ പുതിയ തീരുമാനത്തിന് പിന്നാലെ ഡിസംബര്‍ 19ന് 2,000 കോടി രൂപ കേരളം കടമെടുക്കും. ക്രിസ്തുമസ് പ്രമാണിച്ച് രണ്ടു മാസത്തെ ക്ഷേമപെന്‍ഷന്‍ വിതരണത്തിനായാണ് സര്‍ക്കാര്‍ ഈ തുക കടമെടുക്കുന്നത്.
കിഫ്ബിയും പെന്‍ഷന്‍ കമ്പനിയും എടുത്ത വായ്പകളുടെ പേരിലായിരുന്നു കേരളത്തിന്റെ കടമെടുപ്പ് പരിധിയില്‍ നിന്നും 3140.7 കോടി രൂപ വെട്ടിക്കുറയ്ക്കാന്‍ കേന്ദ്രം തീരുമാനിച്ചിരുന്നത്.

പെന്‍ഷന്‍ കമ്പനിയും കിഫ്ബിയും 2021-22 സാമ്പത്തിക വര്‍ഷത്തില്‍ 9422.1 കോടി രൂപ കടമെടുത്താതായാണ് സിഎജിയുടെ കണക്ക്. ഈ കണക്ക് പ്രകാരമാണ് 2022-23 മുതല്‍ മൂന്നു വര്‍ഷങ്ങളിലായി കേരളത്തിന്റെ കടമെടുപ്പ് പരിധിയില്‍ നിന്ന് 3140.7 കോടി രൂപ വെട്ടിക്കുറയ്ക്കാന്‍ കേന്ദ്രം തീരുമാനിച്ചത്.