ആന്‍റണി പെരുമ്പാവൂരിന് ഇഷ്ടപ്പെട്ടാലാണ് പടം നടക്കുക: ജീത്തു ജോസഫ്


മോഹൻലാൽ- ജീത്തു ജോസഫ് കൂട്ടുക്കെട്ടിൽ പുറത്തിറങ്ങുന്ന ഏറ്റവും പുതിയ ചിത്രമാണ് ‘നേര്’. കോർട്ട് റൂം ത്രില്ലർ ഴോണറിൽ പുറത്തിറങ്ങുന്ന ചിത്രം നിർമിക്കുന്നത് ആശീർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂരാണ്. അഡ്വക്കേറ്റ് വിജയമോഹൻ എന്ന കഥാപാത്രത്തെയാണ് മോഹൻലാൽ സിനിമയിൽ അവതരിപ്പിക്കുന്നത്. ചിത്രത്തിന്റെ പ്രൊമോഷനുമായി ബന്ധപ്പെട്ട് ജീത്തു ജോസഫ് പറഞ്ഞ കാര്യങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധേയമാകുന്നത്. ആന്റണി പെരുമ്പാവൂരിനെ കുറിച്ചായിരുന്നു ജീത്തു പറഞ്ഞത്.

പരിചയത്തിന്റെ പേരിൽ ഒരിക്കലും ആന്റണി സിനിമ ചെയ്യില്ലെന്നാണ് ജീത്തു ജോസഫ് പറയുന്നത്. കൃത്യമായി കഥ ഇഷ്ടമായാൽ മാത്രമേ സിനിമ നിർമ്മിക്കാറുളളൂവെന്ന് ജീത്തു പറയുന്നു. തന്റെ അനുഭവവും സംവിധായകൻ പറയുന്നുണ്ട്.

‘പണ്ട് എന്‍റെ രണ്ടാമത്തെ പടം മമ്മി ആന്‍റ് മീ. അതിന്‍റെ പ്രൊഡ്യൂസര്‍ ജോയി തോമസ് ആന്‍റണിയുടെ സുഹൃത്താണ് അന്ന് ആന്‍റണിയോട് കഥ പറയാന്‍ പറഞ്ഞത്. അന്ന് ആന്‍റണിയെ അറിയാം, പക്ഷെ പരിചയം ഇല്ല. ഞങ്ങള്‍ ഒന്നിച്ച് സിനിമ ചെയ്തിട്ടില്ലല്ലോ. ആന്‍റണിയോട് കഥ പറയണം എന്ന് പറഞ്ഞപ്പോള്‍ പ്രൊജക്ട് നടക്കില്ലെന്ന് ഞാന്‍ കരുതി. എന്നാല്‍ കഥ കേട്ട ആന്‍റണി ഉഗ്രന്‍ പടമാണ് എന്തായാലും ചെയ്യണം എന്ന് പറഞ്ഞു. അതായത് അദ്ദേഹത്തിന് ഒരോ ജഡ്ജ്മെന്‍റുണ്ട്. ആന്‍റണിക്ക് ഇഷ്ടപ്പെട്ടാലാണ് പടം നടക്കുക’, എന്നാണ് മുൻപൊരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ ജീത്തു ജോസഫ് പറഞ്ഞത്.

ജീത്തു ജോസഫും ആന്റണി പെരുമ്പാവൂരും ഒന്നിക്കുന്ന അഞ്ചാമത്തെ ചിത്രം കൂടിയാണ് ‘നേര്’. ചിത്രത്തിന്റെ തിരക്കഥയും സംഭാഷണങ്ങളും രചിച്ചിരിക്കുന്നത് ശാന്തി മായാദേവിയും ജീത്തു ജോസഫും ചേർന്നാണ്. നേര് ഒരു ത്രില്ലറല്ലെന്നും ഒരു സസ്‌പെൻസും ഇല്ലാത്ത ഒരു കോർട്ട് റൂം ഡ്രാമയാണെന്നും ജീത്തു ജോസഫ് മുൻപ് വെളിപ്പെടുത്തിയിരുന്നു. ഒരു വക്കീലിന്റെ വേഷത്തിലാണ് മോഹൻലാൽ ചിത്രത്തിലെത്തുന്നത്. പ്രിയാമണി ആണ് ചിത്രത്തിൽ നായികയായി എത്തുന്നത്. ​ഗ്രാൻഡ് മാസ്റ്ററിന് ശേഷം മോഹൻലാലും പ്രിയാമണിയും വീണ്ടും ഒന്നിക്കുന്ന ചിത്രം കൂടിയാണിത്.