ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ സാധ്യതകൾ പ്രയോജനപ്പെടുത്താനുള്ള തിരക്കിലാണ് ഓരോ കമ്പനികളും. ഇപ്പോഴിതാ എഐ അധിഷ്ഠിത ഇമേജ് ജനറേറ്റർ പ്ലാറ്റ്ഫോം അവതരിപ്പിച്ചിരിക്കുകയാണ് മെറ്റ. ‘ഇമാജിൻ’ എന്ന പേരിലാണ് പ്രത്യേക പ്ലാറ്റ്ഫോമിന് മെറ്റ രൂപം നൽകിയിരിക്കുന്നത്. ഇതിലൂടെ സാധാരണ ഭാഷയിൽ നിർദ്ദേശങ്ങൾ നൽകി, എഐ ഉപയോഗിച്ച് ചിത്രങ്ങൾ നിർമ്മിക്കാനാകും. ഇതിനുമുൻപ് മെറ്റയുടെ എഐ ചാറ്റ്ബോട്ടിനോടൊപ്പം പ്രത്യേക ഫീച്ചർ എന്ന നിലയിൽ എഐ ചിത്രങ്ങൾ നിർമ്മിക്കാൻ അവസരം ഒരുക്കിയിരുന്നു. എന്നാൽ, ഇതാദ്യമായാണ് പ്രത്യേക പ്ലാറ്റ്ഫോമായി ഇവ അവതരിപ്പിച്ചിരിക്കുന്നത്.
മെറ്റയുടെ എമു ഇമേജ് ജനറേഷൻ മോഡൽ ഉപയോഗിച്ചാണ് ഇമേജിൻ വിത്ത് മെറ്റയുടെ പ്രവർത്തനം. നിലവിൽ, യുഎസിലെ ഉപഭോക്താക്കൾക്ക് മാത്രമാണ് ഈ ഫീച്ചർ ലഭ്യമാക്കിയിരിക്കുന്നത്. ഇതിനായി imagine.meta.com എന്ന യുആർഎൽ സന്ദർശിക്കാവുന്നതാണ്. ഈ ടൂൾ ഉപയോഗിച്ച് നിർമ്മിക്കുന്ന ചിത്രങ്ങൾക്ക് താഴെ എഐ നിർമ്മിതമാണെന്ന വാട്ടർമാർക്ക് കൂടി ഉണ്ടാകും. ഡാൽഇ, ലിയനാർഡോ എഐ, മിഡ്ജേണി എന്നീ പ്ലാറ്റ്ഫോമുകൾക്ക് സമാനമാണ് മെറ്റയുടെ ഇമാജിൻ.