ബോളിവുഡ് സിനിമാതാരം ശ്രേയസ് തല്‍പാഡെ ഹൃദയാഘാതത്തെ തുടർന്ന് കുഴഞ്ഞ് വീണു: ചികിത്സയിൽ



മുംബൈ: ബോളിവുഡ് സിനിമാതാരം ശ്രേയസ് തല്‍പാഡെ ഹൃദയാഘാതത്തെ തുടർന്ന് കുഴഞ്ഞ് വീണു. ഇന്നലെ രാത്രിയാണ് സംഭവം. സിനിമയുടെ ചിത്രീകരണത്തില്‍ പങ്കെടുത്ത് തിരിച്ച് വീട്ടിലെത്തിയപ്പോൾ കുഴഞ്ഞുവീഴുകയായിരുന്നു. ഉടൻ തന്നെ ആദ്ദേഹത്തെ ആശുപത്രിയിലേക്ക് എത്തിക്കുകയും ആഞ്ജിയോപ്ലാസ്റ്റ് ചെയ്യുകയും ചെയ്തു.

‘വെല്‍കം ടു ദി ജംഗിള്‍’ സിനിമയുടെ ചിത്രീകരണത്തില്‍ ഇന്നലെ പകല്‍ മുഴുവനും ശ്രേയസ് പങ്കെടുത്തിരുന്നു. ചെറിയ ആക്ഷന്‍ സീക്വന്‍സുകളും ഇക്കൂട്ടത്തില്‍ ഉണ്ടായിരുന്നു. ചിത്രീകരണസമയത്ത് ഉടനീളം ശ്രേയസ് സന്തോഷവാനായാണ് കാണപ്പെട്ടതെന്നും തമാശ പറയുകയും ചിരിക്കുകയുമൊക്കെ ചെയ്തിരുന്നുവെന്നും സിനിമയുടെ അണിയറക്കാരെ ഉദ്ധരിച്ച് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്തു.

എന്നാല്‍, വീട്ടിലെത്തിയ അദ്ദേഹം തനിക്ക് സുഖം തോന്നുന്നില്ലെന്ന് ഭാര്യ ദീപ്തിയോട് പറയുകയായിരുന്നു. പിന്നാലെ കുഴഞ്ഞുവീഴുകയും ചെയ്യുകയായിരുന്നു. അതേസമയം, ചികിത്സയിലുള്ള അദ്ദേഹത്തിന്റെ ആരോഗ്യ നിലയെ കുറിച്ച് കൂടുതൽ വിവരങ്ങൾ പുറത്ത് വന്നിട്ടില്ല.