കാമുകനെ കൊലപ്പെടുത്തിയ വീട്ടമ്മ അറസ്റ്റില്‍ | Illegal relation, lover murder, house wofe, Latest News, News, India


ചെന്നൈ:  മുന്‍ കാമുകനെ കൊലപ്പെടുത്തിയ 28 കാരി അറസ്റ്റില്‍. തമിഴ്‌നാട്ടിലെ പൊന്നേരിയിലാണ് സംഭവം. പൊന്നേരി സ്വദേശിയും രണ്ട് കുട്ടികളുടെ അമ്മയുമായ പ്രിയ(28)യാണ് അറസ്റ്റിലായത്. വാടകക്കൊലയാളികള്‍ക്കായി പൊലീസ് തിരച്ചില്‍ ആരംഭിച്ചു.

കൊറിയര്‍ കമ്പനിയില്‍ ജോലി ചെയ്തിരുന്ന ഗോപാലകൃഷ്ണന്‍ (27) ആണ് മരിച്ചത്. ഭര്‍ത്താവുമായി വേര്‍പിരിഞ്ഞ് കഴിഞ്ഞിരുന്ന പ്രിയ, ഗോപാലകൃഷ്ണനുമായി അടുപ്പത്തിലായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. പ്രിയയ്ക്ക് ആദ്യ വിവാഹത്തില്‍ രണ്ട് കുട്ടികളുണ്ട്. ഇതിനിടെ, യുവതി പതുക്കെ ഗോപാലകൃഷ്ണനില്‍ നിന്ന് അകന്ന് മറ്റൊരു യുവാവുമായി അടുപ്പത്തിലായി.

യുവതിക്ക് മറ്റൊരു പുരുഷനുമായി ബന്ധമുണ്ടെന്ന് അറിഞ്ഞ ഗോപാലകൃഷ്ണന്‍ പ്രിയയുമായി പതിവായി വഴക്കിടാറുണ്ടായിരുന്നു. പുതിയ ബന്ധം അവസാനിപ്പിക്കാനും ഇയാള്‍ ആവശ്യപ്പെടാന്‍ തുടങ്ങി. ശല്യം സഹിക്കവയ്യാതെ ഗോപാലകൃഷ്ണനെ കൊല്ലാന്‍ പ്രിയ തീരുമാനിച്ചു. ഇതിനായി നാല് വാടകക്കൊലയാളികളെ ഏര്‍പ്പാടാക്കിയെന്നും പൊലീസ് പറയുന്നു.

മുന്‍കൂട്ടി നിശ്ചയിച്ച പ്രകാരം പ്രിയ ഗോപാലകൃഷ്ണനെ വിളിച്ച് നേരിട്ട് കാണണമെന്ന് ആവശ്യപ്പെട്ടു. ബുധനാഴ്ച പൊന്നേരി നഗരസഭാ ഓഫീസിന് സമീപം എത്താനാണ് ഗോപാലകൃഷ്ണന് പ്രിയ നല്‍കിയ നിര്‍ദ്ദേശം. രാത്രിയോടെ പ്രിയയെ കാണാന്‍ പുറപ്പെട്ട യുവാവിനെ വാടകക്കൊലയാളികള്‍ തട്ടികൊണ്ട് പോയി കൊലപ്പെടുത്തുകയുമായിരുന്നു.

പിന്നീട് രക്തത്തില്‍ കുളിച്ചുകിടക്കുന്ന ഗോപാലകൃഷ്ണന്റെ മൃതദേഹം പൊലീസ് കണ്ടെത്തി. തുടര്‍ന്നുള്ള അന്വേഷണത്തിലാണ് കൊലപാതക വിവരം പുറത്തുവന്നത്.