‘ദൈവം നിങ്ങള്‍ക്ക് കുഞ്ഞുങ്ങളെ തന്നില്ല, മറ്റൊരാള്‍ പ്രസവിച്ച കുഞ്ഞുങ്ങളെ വളര്‍ത്തുന്നു’: അധിക്ഷേപിച്ച് നടൻ, വിമർശനം
തെന്നിന്ത്യൻ നടി നയൻതാരയെ അധിക്ഷേപിച്ച് നടൻ ബയല്‍വാന്‍ രംഗനാഥന്‍. കുഞ്ഞുങ്ങളെ ദൈവം നിങ്ങള്‍ക്ക് തന്നില്ലെന്നും മറ്റൊരാള്‍ പ്രസവിച്ച കുഞ്ഞുങ്ങളെ വളർത്തുകയാണെന്നും നടൻ ആക്ഷേപിച്ചു. നയന്‍താരക്ക് പണത്തോട് ആര്‍ത്തിയാണ് എന്ന ഗുരുതര ആരോപണവും രംഗനാഥൻ ഉയർത്തുന്നുണ്ട്. മിഷോങ് ചുഴലിക്കാറ്റ് നാശം വിതച്ചപ്പോള്‍ നടി സഹായഹസ്തവുമായി രംഗത്തെത്തിയിരുന്നു. നടിയുടെ സഹായ രീതിയാണ് വിമർശനത്തിന് കാരണമായത്.
തന്റെ കമ്പനിയുടെ പേരിലായിരുന്നു നടി സാനിറ്ററി നാപ്കിനുകളും ഭക്ഷണ സാധനങ്ങളും കൈമാറിയത്. കമ്പനിയുടെ പരസ്യ ബോര്‍ഡുകളുള്ള വാഹനത്തില്‍ സഹായം എത്തിച്ചതാണ് വിമർശനം ഉയരാൻ കാരണം. ജനങ്ങളുടെ ദുരിതം പ്രമോഷന് വേണ്ടി ഉപയോഗിച്ചു എന്നായിരുന്നു വിമര്‍ശനം. ഇതിന്റെ വീഡിയോകളും സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാകുന്നുണ്ട്. നയന്‍താരയുടെ ലക്ഷ്യം പണം മാത്രമാണെന്നും പ്രളയത്തിന് ഇടയിലും പ്രമോഷനാണ് നടത്തിയതെന്ന് രംഗനാഥന്‍ മദ്രാസ് മൂവീസ് എന്ന തന്റെ യുട്യൂബ് ചാനലില്‍ പറഞ്ഞു.
ഇയാൾക്കെതിരെ നയൻതാരയുടെ ആരാധകരും സോഷ്യൽ മീഡിയയും രംഗത്ത് വന്നു. സഹായം നൽകിയ രീതിയെ ചോദ്യം ചെയ്യുന്ന സമയം, അവർ ചെയ്തതുപോലെ മനസറിഞ്ഞ് താങ്കൾക്ക് ദുരിതത്തിൽ അകപ്പെട്ടവരെ സഹായിക്കാൻ കഴിഞ്ഞോ എന്നാണ് ആരാധകർ നടനോട് ചോദിക്കുന്നത്. ഒരു നടിയുടെ വ്യക്തിപരമായ കാര്യങ്ങളെ ചോദ്യം ചെയ്യാതിരിക്കുന്നതാകും നല്ലതെന്നും, ഏത് രീതിയിൽ കുടുംബം നടത്തണമെന്ന് ആർക്കും ആരും പറഞ്ഞ് കൊടുക്കേണ്ടതില്ലെന്നും സോഷ്യൽ മീഡിയ ചൂണ്ടിക്കാട്ടുന്നു.
‘കാശ്, പണം, ദുട്ട്, മണി എന്നതാണ് നയന്‍താരുടെ ലക്ഷ്യം. വിഘ്‌നേഷ് ശിവനുമായി നയന്‍താരയുടെ ബ്രഹ്‌മാണ്ഡ വിവാഹമാണ് നടന്നത്. വിവാഹത്തിന് ചെലവായതിന്റെ പതിന്മടങ്ങാണ് ഈ വീഡിയോ വിറ്റ് നടി നേടിയത്. വിവിധ പരസ്യങ്ങളില്‍ അഭിനയിച്ച് കോടികള്‍ നേടി. ദുബൈയില്‍ നയന്‍താരയ്ക്ക് ബിസിനസുണ്ട്. അത് എന്താണെന്ന് ആര്‍ക്കും അറിയില്ല. പുറംനാട്ടില്‍ നിന്നും മേക്കപ്പ് സാധനങ്ങള്‍ കൊണ്ടുവന്ന് ഇപ്പോള്‍ പ്രമോട്ട് ചെയ്യുന്നു.
ചെന്നൈയിലെ പല ടീ ഷോപ്പുകള്‍ നയന്‍താരയ്ക്ക് സ്വന്തമാണ്. പ്രളയ ബാധിതര്‍ക്ക് നയന്‍താര ആവശ്യ സാധനങ്ങള്‍ എത്തിച്ചിരുന്നു. അത് അഭിനന്ദിക്കേണ്ട കാര്യമാണ്. അവയില്‍ നയന്‍താരയുടെ ഫോട്ടോ വച്ചാല്‍ പോലും കുഴപ്പമില്ലായിരുന്നു. പക്ഷേ സ്വന്തം കമ്പനിയുടെ പരസ്യം വച്ചും വീഡിയോ എടുത്തും ബിസിനസ് വളര്‍ത്താനാണ് ശ്രമിച്ചത്. ഇതിനെക്കാള്‍ ഭേദം പിച്ച എടുക്കുന്നത് ആയിരുന്നു. ഈ പരസ്യം ആവശ്യമായിരുന്നോ. ഇത് ദൈവം പോലും പൊറുക്കില്ല. കുഞ്ഞുങ്ങളെയോ ദൈവം നിങ്ങള്‍ക്ക് തന്നില്ല. മറ്റൊരാള്‍ പ്രസവിച്ച കുഞ്ഞുങ്ങളെ വളര്‍ത്തുന്നു. നയന്‍താരക്ക് പണത്തോട് ആര്‍ത്തിയാണ്’, എന്നാണ് രംഗനാഥന്‍ പറഞ്ഞത്.