ഉപഭോക്താക്കളുടെ മാസങ്ങൾ നീണ്ട കാത്തിരിപ്പുകൾക്കൊടുവിൽ യൂറോപ്യൻ യൂണിയനിലും ത്രെഡ്സിന്റെ സേവനം എത്തിച്ച് മെറ്റ. മറ്റു രാജ്യങ്ങളിൽ നിന്നും വിഭിന്നമായി, യൂറോപ്യൻ യൂണിയനിൽ ഉപഭോക്താക്കളുടെ സ്വകാര്യതയും, സംരക്ഷണവുമായി ബന്ധപ്പെട്ട് നിരവധി നിയന്ത്രണങ്ങൾ ഉണ്ട്. ഇക്കാരണത്തെ തുടർന്നാണ് ത്രെഡ്സ് യൂറോപ്യൻ യൂണിയനിൽ അവതരിപ്പിക്കാൻ വൈകിയതെന്ന് മെറ്റ വ്യക്തമാക്കി. ഇതോടെ, ഇന്ത്യയിൽ ഉൾപ്പെടെ വിവിധ രാജ്യങ്ങളിൽ അവതരിപ്പിച്ച്, മാസങ്ങൾക്ക് ശേഷമാണ് യൂറോപ്യൻ യൂണിയനിലെ ഉപഭോക്താക്കൾക്ക് ത്രെഡ്സിന്റെ സേവനം ലഭ്യമായി തുടങ്ങിയത്.
യൂറോപ്യൻ യൂണിയനിൽ ഈ വർഷം ഓഗസ്റ്റ് മുതലാണ് ഡിജിറ്റൽ സർവീസ് ആക്ട് പ്രാബല്യത്തിലായത്. ഇത് ത്രെഡ്സിന്റെ സേവനം അവതരിപ്പിക്കുന്നത് വൈകാൻ കാരണമായി. വലിയ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിൽ നിന്നുണ്ടാകുന്ന പ്രശ്നങ്ങളിൽ നിന്ന് ഉപഭോക്താക്കളെ സംരക്ഷിക്കുന്നതിനായാണ് യൂറോപ്യൻ യൂണിയൻ ഡിജിറ്റൽ സർവീസ് ആക്ട് അവതരിപ്പിച്ചത്. ലൊക്കേഷൻ, ഡാറ്റ, ബ്രൗസിംഗ് ഹിസ്റ്ററി എന്നിവ ഉൾപ്പെടെ ഫോണിലെ സ്വകാര്യ വിവരങ്ങളിലേക്കുള്ള അനുവാദം ത്രെഡ്സിന് അനിവാര്യമാണ്. സാഹചര്യത്തിൽ യൂറോപ്യൻ യൂണിയന് വേണ്ടി എന്തൊക്കെ മാറ്റങ്ങളാണ് മെറ്റ വരുത്തിയതെന്ന് സംബന്ധിച്ച വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല.