സോവറീൻ ഗോൾഡ് ബോണ്ടിൽ ഡിസംബർ 18 മുതൽ നിക്ഷേപിക്കാം, വില പ്രഖ്യാപിച്ചു


കേന്ദ്രസർക്കാരും റിസർവ് ബാങ്കും സംയുക്തമായി അവതരിപ്പിച്ച സോവറീൻ ഗോൾഡ് ബോണ്ടിൽ നിക്ഷേപം നടത്താൻ അവസരം. നടപ്പ് സാമ്പത്തിക വർഷത്തെ മൂന്നാം സീരീസിന്റെ വിൽപ്പന ഡിസംബർ 18 മുതൽ ആരംഭിക്കുന്നതാണ്. ഡിസംബർ 22 വരെയാണ് നിക്ഷേപകർക്ക് അപേക്ഷിക്കാൻ കഴിയുക. 28ന് ബോണ്ടുകൾ വിതരണം ചെയ്യുന്നതാണ്. ഏറ്റവും പുതിയ റിപ്പോർട്ടുകൾ പ്രകാരം, സോവറീൻ ഗോൾഡ് ബോണ്ടിന്റെ വില റിസർവ് ബാങ്ക് പ്രഖ്യാപിച്ചിട്ടുണ്ട്. ഒരു ഗ്രാമിന് 6,199 രൂപയാണ് വില. ഓൺലൈനിലൂടെ അപേക്ഷിക്കുന്നവർക്കും പണം അടയ്ക്കുന്നവർക്കും ഗ്രാമിന് 50 രൂപയുടെ കിഴിവ് ലഭിക്കുന്നതാണ്.

ഷെഡ്യൂൾഡ് കൊമേഴ്ഷ്യൽ ബാങ്കുകൾ, സ്റ്റോക്ക് ഹോൾഡിംഗ് കോർപ്പറേഷൻ, ക്ലിയറിംഗ് കോർപ്പറേഷൻ ഓഫ് ഇന്ത്യ, തിരഞ്ഞെടുത്ത പോസ്റ്റ് ഓഫീസുകൾ, നാഷണൽ സ്റ്റോക്ക് എക്സ്ചേഞ്ച്, ബോംബെ സ്റ്റോക്ക് എക്സ്ചേഞ്ച് എന്നിവിടങ്ങളിൽ നിന്ന് സോവറീൻ ഗോൾഡ് ബോണ്ടുകൾ വാങ്ങാവുന്നതാണ്. ഇന്ത്യൻ പൗരന്മാർ, ഹിന്ദു അവിഭക്ത കുടുംബങ്ങൾ, ട്രസ്റ്റുകൾ, സർവകലാശാലകൾ, ചാരിറ്റബിൾ ഇൻസ്റ്റ്യൂഷനുകൾ എന്നിവർക്കാണ് സ്വർണ ബോണ്ട് വാങ്ങാൻ സാധിക്കുക. വ്യക്തികൾക്കും ഹിന്ദു അവിഭക്ത കുടുംബങ്ങൾക്കും പരമാവധി 4 കിലോഗ്രാം വരെയും, ട്രസ്റ്റുകൾ ഉൾപ്പെടെയുള്ള മറ്റുള്ളവർക്ക് പരമാവധി 20 കിലോഗ്രാം വരെയും വാങ്ങാനാകും. എട്ട് വർഷമാണ് സ്വർണ ബോണ്ട് നിക്ഷേപത്തിന്റെ കാലാവധി.