ചരിത്ര നേട്ടത്തിനരികെ എൽഐസി! മൂല്യം വീണ്ടും കുതിച്ചുയർന്നു



രാജ്യത്തെ ഏറ്റവും വലിയ ഇൻഷുറൻസ് ഭീമനായ ലൈഫ് ഇൻഷുറൻസ് കോർപ്പറേഷന്റെ (എൽഐസി) മൂല്യം കുതിച്ചുയർന്നു. എൽഐസിയുടെ കൈവശമുള്ള വിവിധ കമ്പനികളുടെ ഓഹരികളുടെ മൂല്യത്തിൽ കഴിഞ്ഞ 50 ദിവസത്തിനിടയിൽ 80,000 കോടി രൂപയുടെ വർദ്ധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഇക്കാലയളവിനുള്ളിൽ 110 കമ്പനികളിലെ നിക്ഷേപത്തിൽ നിന്ന് 10 ശതമാനത്തിലധികം വരുമാനവും നേടാൻ എൽഐസിക്ക് സാധിച്ചിട്ടുണ്ട്. നിലവിൽ, വിവിധ കമ്പനികളുടെ ഓഹരികളിൽ ഉള്ള എൽഐസിയുടെ നിക്ഷേപ മൂല്യം 11.7 ലക്ഷം കോടി രൂപയാണ്.

രാജ്യത്തെ ഏറ്റവും വലിയ സ്വകാര്യ കോർപ്പറേറ്റായ റിലയൻസ് ഇൻഡസ്ട്രീസിന്റെ 6.27 ശതമാനം ഓഹരികൾ എൽഐസിയുടെ കൈവശമുണ്ട്. ഈ ഓഹരികളുടെ മൂല്യം മാത്രം ഏകദേശം ഒരു ലക്ഷം കോടി രൂപയിലധികമാണ്. ഐടിസി (86000 കോടി രൂപ), ടിസിഎസ് ( 64,000 കോടി രൂപ), എച്ച്ഡിഎഫ്സി ബാങ്ക് (54,000 കോടി രൂപ), എൽ ആൻഡ് ടി (51,000 കോടി രൂപ), ഇൻഫോസിസ് (51,000 കോടി രൂപ), എസ്ബിഐ (48,000 കോടി രൂപ), ഐസിഐസിഐ ബാങ്ക് (42,000 കോടി രൂപ) തുടങ്ങിയവയ്ക്കാണ് എൽഐസിയിൽ ഓഹരി പങ്കാളിത്തം ഉള്ളത്.

Also Read: ചായക്കടയിലെ പഴംപൊരിയുടെ പേരിൽ കത്തിക്കുത്ത്: ഒരാൾ അറസ്റ്റിൽ