സൂപ്പർ ക്യാമറ ഫോണുമായി വിവോ! ഏറ്റവും പുതിയ ഹാൻഡ്സെറ്റായ വിവോ എക്സ്100 ആഗോള വിപണിയിൽ എത്തി


ഫോട്ടോഗ്രാഫി ഇഷ്ടപ്പെടുന്നവർക്കായുള്ള ഏറ്റവും മികച്ച സ്മാർട്ട്ഫോണായ വിവോ എക്സ്100 ആഗോള വിപണിയിൽ അവതരിപ്പിച്ചു. കഴിഞ്ഞ നവംബറിൽ ചൈനീസ് വിപണിയിൽ വിവോ എക്സ്100 പുറത്തിറക്കിയിരുന്നു. ഇതിന് പിന്നാലെയാണ് ആഗോള വിപണിയിലെ ലോഞ്ച്. വിവോ എക്സ് സീരീസിൽ വിവോ എക്സ് 100, വിവോ എന്നീ രണ്ട് സ്മാർട്ട്ഫോണുകളാണ് ഉൾപ്പെടുത്തിയിട്ടുള്ളത്. ചൈനയിൽ ഇറക്കിയ പതിപ്പിലും ആഗോള വിപണിയിലെ പതിപ്പിലും എടുത്തുപറയേണ്ട സവിശേഷത ക്യാമറ തന്നെയാണ്. ഇവയെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പരിചയപ്പെടാം.

6.78 ഇഞ്ച് എച്ച്ഡി അമോലെഡ് ഡിസ്പ്ലേയാണ് ഈ സ്മാർട്ട്ഫോണുകൾക്ക് നൽകിയിട്ടുള്ളത്. 1240×2772 പിക്സൽ റെസലൂഷനും 120 ഹെർട്സ് റിഫ്രഷ് റേറ്റും ലഭ്യമാണ്. മീഡിയടെക് ഡെമൻസിറ്റി 9300 പ്രോസസറാണ് കരുത്ത് പകരുക. ഫോട്ടോഗ്രാഫി ഇഷ്ടപ്പെടുന്നവർക്കായി ട്രിപ്പിൾ ക്യാമറ സജ്ജീകരണം ഒരുക്കിയിട്ടുണ്ട്. 50 മെഗാപിക്സൽ പ്രൈമറി ക്യാമറ, 50 മെഗാപിക്സൽ അൾട്രാവൈഡ് ആംഗിൾ ക്യാമറ, 50 മെഗാപിക്സൽ ടെലി ഫോട്ടോ ലെൻസ് എന്നിവയാണ് പ്രധാന ആകർഷണം. വീഡിയോ കോൾ, സെൽഫി എന്നിവയ്ക്കായി ഫ്രണ്ടിൽ 32 മെഗാപിക്സൽ ക്യാമറയാണ് സജ്ജീകരിച്ചിരിക്കുന്നത്. ഫാസ്റ്റ് ചാർജിംഗ് പിന്തുണയുള്ള 5000 എംഎഎച്ചാണ് ബാറ്ററി ലൈഫ്. നിലവിൽ, വിലയുമായി ബന്ധപ്പെട്ട വിവരങ്ങൾ വിവോ പുറത്തുവിട്ടിട്ടില്ല.