വായ്പ്പുണ്ണ് അഥവാ മൗത്ത് അള്‍സര്‍ പലര്‍ക്കും വന്നിട്ടുണ്ടാകാം. അസഹനീയമായ വേദനയും അസ്വസ്ഥതയും ഇതുമൂലം ഉണ്ടാകാം. പല കാരണങ്ങൾ കൊണ്ടും വായ്പ്പുണ്ണ് ഉണ്ടാകാം. വിറ്റാമിനുകളുടെ കുറവും പ്രതിരോധശേഷിയിലുള്ള കുറവും മാനസിക സമ്മർദ്ദവും അമിത പ്രമേഹവും ഉറക്കക്കുറവുമെല്ലാം വായ്പ്പുണ്ണ് ഉണ്ടാകുന്നതിന് പ്രധാന കാരണങ്ങളാണ്. എന്തിന് അബദ്ധത്തിൽ വായുടെ ഉൾഭാഗം കടിക്കുന്നതും ഇതിന് കാരണമാകാം. വായ്പ്പുണ്ണ് അകറ്റാൻ വീട്ടിൽ തന്നെ ചെയ്യാവുന്ന ചില കാര്യങ്ങള്‍ ഉണ്ട്. അവ എന്തൊക്കെയാണെന്ന് നോക്കാം…
ഉപ്പ് വെള്ളം വായില്‍ കൊള്ളുന്നത് വായ്പ്പുണ്ണ് അകറ്റാൻ സഹായിക്കും. തേനാണ് രണ്ടാമതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. തേനിന്റെ ആന്റി ബാക്ടീരിയൽ ഗുണങ്ങള്‍ വായ്പ്പുണ്ണിന് മികച്ചൊരു പ്രതിവിധിയാണ്. ഇതിനായി ദിവസവും വായ്പ്പുണ്ണിന്റെ മുകളിൽ അൽപം തേൻ പുരട്ടാവുന്നതാണ്.
വെളിച്ചെണ്ണയിലെ ആന്റി ഇൻഫ്ലമേറ്ററി, ആന്റി ഫംഗൽ, ആന്റി വൈറൽ ഘടകങ്ങൾ വായ്പ്പുണ്ണിന് ശമനം നൽകും. ഇതിനായി ദിവസേന പലതവണകളായി വെളിച്ചെണ്ണ വായ്പ്പുണ്ണ് ബാധിച്ച ഭാഗത്ത് പുരട്ടുക
ഗ്രാമ്പൂ എണ്ണയിൽ ആൻറി ബാക്ടീരിയൽ ഗുണങ്ങള്‍ ഉണ്ട്. ഇത് വേദന കുറയ്ക്കാനും സൂക്ഷ്മാണുക്കളെ ഉന്മൂലനം ചെയ്യാനും സഹായിക്കും. ഇതിനായി ഇവ പുരട്ടുന്നതും നല്ലതാണ്.
ആന്റി ബാക്റ്റീരിയൽ ഗുണങ്ങളുള്ള തുളസിയില വായിലിട്ട് ചവച്ചരച്ച് കഴിക്കുന്നത് വായിലെ അള്‍സര്‍ മാറാന്‍ സഹായിച്ചേക്കാം.
വായ്പ്പുണ്ണ് മാറ്റാനുള്ള ഏറ്റവും മികച്ച പരിഹാര മാർഗങ്ങളിലൊന്നാണ് ഉലുവയില. ഇതിനായി ഒരു കപ്പ് വെള്ളമെടുത്ത് നന്നായി തിളപ്പിച്ച് അതിൽ കഴുകി വെച്ച ഉലുവ ഇലകൾ ഇട്ട് പത്ത് മിനിറ്റ് വേവിക്കുക. ശേഷം ഇത് കൊണ്ട് വായ കഴുകുന്നത് വായ്പ്പുണ്ണ് മാറാൻ ഏറെ സഹായിക്കും. ആന്‍റിസെപ്റ്റിക്, ആന്‍റി ഇൻഫ്ലമേറ്ററി ഗുണങ്ങളുള്ള മഞ്ഞൾപ്പൊടി കുറച്ച് വെള്ളത്തിൽ കലക്കി വായ്പ്പുണ്ണിൽ പുരട്ടുക.