വ്യക്തിഗത ഡാറ്റകൾ ചോർന്നേക്കാം! ഗൂഗിൾ ക്രോം, മൈക്രോസോഫ്റ്റ് എഡ്ജ് ഉപയോഗിക്കുന്നവർക്ക് മുന്നറിയിപ്പ്


രാജ്യത്ത് ഗൂഗിൾ ക്രോം, മൈക്രോസോഫ്റ്റ് എഡ്ജ് എന്നിവ ഉപയോഗിക്കുന്നവർക്ക് മുന്നറിയിപ്പുമായി ഇന്ത്യൻ കമ്പ്യൂട്ടർ എമർജൻസി റെസ്പോൺസ് ടീം. ഉപഭോക്താക്കളുടെ വ്യക്തിഗത വിവരങ്ങളടക്കം ചോർത്തിയെടുക്കാൻ കഴിവുള്ള സുരക്ഷാപ്രശ്നങ്ങളാണ് രണ്ട് വെബ് ബ്രൗസറുകളിലും റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഇവയ്ക്ക് ഉപഭോക്താവിന്റെ കമ്പ്യൂട്ടറുകളിലേക്ക് എളുപ്പത്തിൽ കടന്നുകയറാനും, മാൽവെയറുകൾ പ്രവർത്തിപ്പിക്കാനും കഴിയുന്നതാണ്. സിഐവിഎൻ 20230361 വൾനറബിലിറ്റി നോട്ടിലാണ് ഗൂഗിൾ ക്രോമിലെ പ്രശ്നങ്ങൾ കണ്ടെത്തിയിരിക്കുന്നത്. അതേസമയം, സിഐവിഎൻ 20230362-ലാണ് മൈക്രോസോഫ്റ്റ് എഡ്ജുമായി ബന്ധപ്പെട്ട മുന്നറിയിപ്പ്.

ഗൂഗിള്‍ ക്രോമിന്റെ വി120.0.6099.62 ലിനക്‌സ്, മാക്ക് വേര്‍ഷനുകള്‍ക്ക് മുമ്പുള്ളവ ഉപയോഗിക്കുന്നവരും 120.0.6099.62/.63 വിന്‍ഡോസ് പതിപ്പുകള്‍ക്ക് മുമ്പുള്ളവ ഉപയോഗിക്കുന്നവരും സുരക്ഷാ ഭീഷണി നേരിടുന്നുണ്ട്. അതേസമയം, മൈക്രോസോഫ്റ്റ് എഡ്ജിന്റെ 120.0.2210.61 വേര്‍ഷന് മുമ്പുള്ളവ ഉപയോഗിക്കുന്നവരാണ് ഭീഷണി നേരിടുന്നത്. അതുകൊണ്ടുതന്നെ ക്രോം, എഡ്ജ് ഉപഭോക്താക്കൾ അടിയന്തരമായി സുരക്ഷാ അപ്ഡേറ്റ് ഇൻസ്റ്റാൾ ചെയ്യേണ്ടതാണ്. കഴിഞ്ഞ ദിവസം സാംസംഗ് സ്മാർട്ട്ഫോൺ ഉപഭോക്താക്കൾക്കും സുരക്ഷാ പ്രശ്നങ്ങളെ കുറിച്ച് മുന്നറിയിപ്പ് നൽകിയിരുന്നു.