കുടുംബസ്ഥനായ ശാസ്താവിന്റെ അത്യപൂര്‍വ പ്രതിഷ്ഠയുമായി കിടങ്ങൂര്‍ ശാസ്താംകോട്ട ക്ഷേത്രം. കോട്ടയം കിടങ്ങൂരില്‍ മീനച്ചിലാറിന്റെ തീരത്താണ് ഈ ക്ഷേത്രമുള്ളത്. ഒരു പീഠത്തില്‍ ഭാര്യ പ്രഭാദേവിയോടും മകന്‍ സത്യകനോടും കൂടി ഇരിക്കുന്ന ധര്‍മശാസ്താവിനെയാണ് ഇവിടെ പ്രതിഷ്ഠിച്ചിരിക്കുന്നത്. കേരളത്തില്‍ തന്നെ ഇത്തരത്തില്‍ ഭാര്യാപുത്ര സമേതനായ ശാസ്താവിന്റെ പ്രതിഷ്ഠ അപൂര്‍വമാണ്. ചാലക്കുന്നത്ത് ശ്രീകൃഷ്ണ ക്ഷേത്രസമുച്ചയത്തില്‍ തന്നെയാണ് ധര്‍മശാസ്താ ക്ഷേത്രവും സ്ഥിതി ചെയ്യുന്നത്.
പണ്ട് ശാസ്താംകോട്ട ക്ഷേത്രം സ്ഥിതി ചെയ്യുന്ന സ്ഥലത്തിനു ചുറ്റും നിരവധി ബ്രാഹ്മണഭവനങ്ങള്‍ ഉണ്ടായിരുന്നു. തിരുമംഗലം, പോടൂര്‍ പൂമംഗലം, പതുക്കുളങ്ങര കറുത്തമന, മധുരമറ്റം തുടങ്ങിയ ഇല്ലങ്ങളായിരുന്നു പ്രധാനം. പുത്രലാഭത്തിനായി ശ്രീകൃഷ്ണഭജനം നടത്തിയിരുന്ന മധുരമറ്റത്തില്ലത്തെ അഗ്‌നിഹോത്രിക്ക് മകന്‍ പിറന്നുവെന്നും പിന്നീട് ഇല്ലത്തിനു സമീപത്തെ പുഴയോരത്ത് ഭഗവത് ദര്‍ശനം ലഭിച്ചുവെന്നുമാണ് ഐതിഹ്യം.
തുടര്‍ന്നാണ് ഇവിടെ കൃഷ്ണക്ഷേത്രം സ്ഥാപിച്ചത്. പിന്നീട് നടത്തിയ പ്രശ്നത്തില്‍ ശബരിമല ധര്‍മശാസ്താവിന്റെ സാന്നിധ്യം തെളിഞ്ഞതിനെ തുടര്‍ന്ന് ശാസ്താ പ്രതിഷ്ഠയും നടത്തുകയായിരുന്നു. ബ്രാഹ്മണന്‍ പുത്രകാമിയായിരുന്നതിനാല്‍ ഗൃഹസ്ഥശാസ്താവിന്റെ വിഗ്രഹം പ്രതിഷ്ഠിക്കണമെന്നായിരുന്നു ദൈവജ്ഞവിധി. തുടര്‍ന്ന് അഗ്‌നിഹോത്രി തന്നെ ഇവിടെ ഭാര്യാപുത്ര സമേതനായ ശാസ്താവിനെ പ്രതിഷ്ഠിക്കുകയായിരുന്നു.
സന്താനലാഭത്തിനായും ദാമ്പത്യസുഖത്തിനായും കുടുംബപ്രശ്നങ്ങള്‍ നീങ്ങുന്നതിനും ശാസ്താംകോട്ട ക്ഷേത്ര ദര്‍ശനം ഉത്തമമാണെന്നാണ് പറയുന്നത്. ശനിദോഷമകറ്റാന്‍ നീലാഞ്ജനവും എള്ളുപായസവും ഇവിടുത്തെ പ്രധാന വഴിപാടുകളാണ്. ശബരിമല ദര്‍ശനത്തിനു പോകുന്നവര്‍ ഇവിടെയെത്തി ഗൃഹസ്ഥശാസ്താവിനെ കൂടി തൊഴുതാണ് മടങ്ങാറുള്ളത്. മകരമാസത്തിലെ ഉത്രം നക്ഷത്രത്തിലാണ് ക്ഷേത്രത്തില്‍ ഉത്സവം