കരളിന്‍റെ ആരോഗ്യത്തിനായി പതിവായി കഴിക്കാം ഈ പച്ചക്കറി…



ശരീരത്തിലെ ഏറ്റവും വലിയ ഗ്രന്ഥിയാണ് കരള്‍.  ദഹനപ്രക്രിയയ്ക്ക് ആവശ്യമായ പിത്തരസം നിർമിക്കുന്നത് കരളാണ്. മാലിന്യങ്ങളെയും ആവശ്യമില്ലാത്ത മറ്റ് വസ്തുക്കളേയും സംസ്കരിച്ച് ശരീരം വൃത്തിയായി സൂക്ഷിക്കുന്നതിൽ പ്രധാന പങ്ക് വഹിക്കുന്നതും കരള്‍ ആണ്. അതിനാല്‍ തന്നെ കരളിന്‍റെ ആരോഗ്യം സംരക്ഷിക്കേണ്ടത് വളരെ പ്രധാനപ്പെട്ട കാര്യമാണ്. അത്തരത്തില്‍ കരളിന്‍റെ ആരോഗ്യത്തിന് കഴിക്കേണ്ട ഒരു പച്ചക്കറിയാണ് റാഡിഷ്.

റാഡിഷിൽ ഗ്ലൂക്കോസിനോലേറ്റുകൾ പോലുള്ള സംയുക്തങ്ങൾ അടങ്ങിയിട്ടുണ്ട്.  ഇത് കരളിനെ അതിന്റെ സ്വാഭാവിക വിഷാംശം ഇല്ലാതാക്കുന്ന പ്രക്രിയകളിൽ സഹായിക്കുന്നു. ഈ സംയുക്തങ്ങൾ ശരീരത്തിൽ നിന്ന് വിഷവസ്തുക്കളെ തകർക്കുന്നതിനും ഇല്ലാതാക്കുന്നതിനും സഹായിക്കുന്നു. കൂടാതെ ആന്‍റി ഓക്സിഡന്‍റുകളും വിറ്റാമിന്‍ സിയും റാഡിഷില്‍ അടങ്ങിയിരിക്കുന്നു. ഇവയെല്ലാം കരളിന്‍റെ ആരോഗ്യം സംരക്ഷിക്കാന്‍ ഗുണം ചെയ്യും.

ഫോളേറ്റ്, വിറ്റാമിന്‍ ബി6, പൊട്ടാസ്യം, കാത്സ്യം, പ്രോട്ടീന്‍, ഫൈബര്‍ തുടങ്ങിയവ അടങ്ങിയ റാഡിഷ് പതിവായി കഴിക്കുന്നത് രോഗ പ്രതിരോധശേഷി വര്‍ധിപ്പിക്കാനും സഹായിക്കും. ഫൈബര്‍ ധാരാളം അടങ്ങിയ ഒരു പച്ചക്കറിയാണ് റാഡിഷ്. അതിനാല്‍ ഇവ ദഹനം മെച്ചപ്പെടുത്താന്‍ സഹായിക്കും. കുടലിന്‍റെ ആരോഗ്യത്തിനും ഇവ നല്ലതാണ്. ഉയര്‍ന്ന രക്തസമ്മര്‍ദ്ദം നിയന്ത്രിക്കാന്‍ സഹായിക്കുന്ന പൊട്ടാസ്യം റാഡിഷില്‍ ധാരാളമായി അടങ്ങിയിരിക്കുന്നു. രക്തസമ്മര്‍ദ്ദം നിയന്ത്രിക്കുന്നതു വഴി ഹൃദയാരോഗ്യം സംരക്ഷിക്കാനും ഇവ സഹായിക്കും. ഹൃദയത്തിന്‍റെ പ്രവര്‍ത്തനം മികച്ച രീതിയില്‍ നടക്കുന്നതിന് സഹായിക്കുന്ന അന്തോസയാനിന്‍സ് എന്ന ഘടകവും റാഡിഷില്‍ ധാരാളമായി അടങ്ങിയിരിക്കുന്നു. ഹൃദ്രോഗസാധ്യത കുറയ്ക്കുന്നതിനും ഇത് മികച്ചതാണ്.
റാഡിഷിന്‍റെ ഗ്ലൈസെമിക് സൂചിക കുറവാണ്. അതിനാല്‍ പ്രമേഹ രോഗികള്‍ക്കും റാഡിഷ് കഴിക്കാം. ഫൈബര്‍ ധാരാളം അടങ്ങിയതും കലോറി കുറഞ്ഞുമായ റാഡിഷ് കഴിക്കുന്നത് വിശപ്പ് കുറയ്ക്കാന്‍ സഹായിക്കും. അതുവഴി ശരീരഭാരത്തെ നിയന്ത്രിക്കാനുമാകും. ചര്‍മ്മത്തിന്‍റെ ആരോഗ്യത്തിനും റാഡിഷ് ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് നല്ലതാണ്.