ചരിത്രനീക്കം! ഗോ ഫസ്റ്റിനെ ഏറ്റെടുക്കാൻ താൽപ്പര്യം പ്രകടിപ്പിച്ച് സ്പൈസ് ജെറ്റ്


സാമ്പത്തിക പ്രതിസന്ധിയെ തുടർന്ന് സർവീസുകൾ നിർത്തലാക്കിയ ഗോ ഫസ്റ്റിനെ ഏറ്റെടുക്കാൻ താൽപ്പര്യം പ്രകടിപ്പിച്ച് പ്രമുഖ വിമാന കമ്പനിയായ സ്പൈസ് ജെറ്റ്. ഗോ ഫസ്റ്റിനെ ഏറ്റെടുക്കുന്നതിലൂടെ ശക്തവും, ലാഭക്ഷമതയുള്ള വിമാന കമ്പനിയായി മാറാനാണ് സ്പൈസ് ജെറ്റ് ലക്ഷ്യമിടുന്നത്. പുതിയ പ്രഖ്യാപനത്തിന് പിന്നാലെ സ്പൈസ് ജെറ്റിന്റെ ഓഹരികൾ 29 ശതമാനം ഉയർന്നിട്ടുണ്ട്. സ്പൈസ് ജെറ്റ്, ഷാർജ ആസ്ഥാനമായുള്ള സ്കൈ വൺ, ആഫ്രിക്ക ആസ്ഥാനമായുള്ള സഫ്രിക് ഇൻവെസ്റ്റ്മെന്റ് തുടങ്ങിയ കമ്പനികളാണ് ഗോ ഫസ്റ്റിനെ ഏറ്റെടുക്കാൻ രംഗത്തെത്തിയത്. എന്നാൽ, സ്കൈ വണ്ണിനും സഫ്രിക്കിനും യാത്രാ വിമാനങ്ങൾ കൈകാര്യം ചെയ്യുന്നതിൽ മതിയായ പരിചയസമ്പന്നത ഇല്ലാത്തതിനാൽ അപേക്ഷ പരിഗണിച്ചിട്ടില്ല.

ഗോ ഫസ്റ്റിനെ ഏറ്റെടുക്കാൻ 270 മില്യൺ ഡോളറിന്റെ മൂലധനം സമാഹരിക്കാനുള്ള നടപടികളും സ്പൈസ് ജെറ്റ് ആരംഭിച്ചിട്ടുണ്ട്. വാഡിയ ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുള്ള ഗോ ഫസ്റ്റ് ഈ വർഷം മെയ് മാസമാണ് പാപ്പരാത്ത നടപടികൾക്കായി അപേക്ഷ നൽകിയത്. നിലവിൽ, കോടികളുടെ കടബാധ്യതയാണ് ഗോ ഫസ്റ്റിന് ഉള്ളത്. സെൻട്രൽ ബാങ്ക് ഓഫ് ഇന്ത്യക്ക് 1,987 കോടി രൂപയും, ബാങ്ക് ഓഫ് ബറോഡയ്ക്ക് 1,430 കോടി രൂപയും നൽകാൻ ഉണ്ട്. ഇവയ്ക്ക് പുറമേ, ആക്സിസ് ബാങ്ക്, ഐഡിബിഐ ബാങ്ക്, ഡോയിച്ചെ ബാങ്ക് എന്നിവയിൽ നിന്നാണ് ഗോ ഫസ്റ്റ് കടമെടുത്തത്. ഗോ ഫസ്റ്റിനെ ഏറ്റെടുക്കാൻ ഇതിനോടകം തന്നെ നിരവധി കമ്പനികൾ രംഗത്തെത്തിയിരുന്നെങ്കിലും, വിദഗ്ധ വിശകലനത്തിനുശേഷം മുഴുവൻ കമ്പനികളും പിന്മാറുകയായിരുന്നു.