ന്യൂഡൽഹി: രാജ്യത്തെ പൊതുജനങ്ങൾക്ക് സുപ്രധാന മുന്നറിയിപ്പുമായി ആർബിഐ. ഉപഭോക്താക്കൾ വിവിധ ബാങ്കുകളിൽ നിന്നും എടുത്തിട്ടുള്ള വായ്പകൾ എഴുതിത്തള്ളുമെന്ന തരത്തിലുള്ള പരസ്യങ്ങൾക്കെതിരെയാണ് ആർബിഐ ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ചിരിക്കുന്നത്. വായ്പ എടുത്തവരെ പ്രലോഭിപ്പിക്കാൻ ലക്ഷ്യമിട്ട് വായ്പ എഴുതിത്തള്ളുമെന്ന തരത്തിൽ തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങളാണ് ഫേസ്ബുക്ക്, ഇൻസ്റ്റഗ്രാം ഉൾപ്പെടെയുള്ള സമൂഹമാധ്യമങ്ങൾ വഴി പ്രചരിക്കുന്നത്. ഇത് ശ്രദ്ധയിൽപ്പെട്ടതോടെയാണ് റിസർവ് ബാങ്കിന്റെ മുന്നറിയിപ്പ്.
വായ്പ എഴുതിത്തള്ളാനും, അതിനുശേഷം വായ്പകൾ എഴുതിത്തള്ളിയെന്ന് അവകാശപ്പെടുന്ന വ്യാജ സർട്ടിഫിക്കറ്റുകൾ നൽകാനും പ്രത്യേക ഏജൻസികൾ പ്രവർത്തിക്കുന്നുണ്ട്. ഇത്തരം ഏജൻസികൾ ഉപഭോക്താക്കളുടെ കയ്യിൽ നിന്ന് സർവീസ് ചാർജായി പണം ഈടാക്കുന്നതും ആർബിഐയുടെ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. യാതൊരു അധികാരവും ഇല്ലാതെയാണ് ഇത്തരം വ്യാജ സ്ഥാപനങ്ങൾ ഉപഭോക്താക്കൾക്ക് വായ്പ എഴുതിത്തള്ളിയെന്ന സർട്ടിഫിക്കറ്റുകൾ നൽകുന്നത്. ബാങ്കുകൾ ഉൾപ്പെടെയുള്ള ധനകാര്യ സ്ഥാപനങ്ങളിൽ നിന്ന് എടുത്തിട്ടുള്ള വായ്പകൾ തിരിച്ചടയ്ക്കേണ്ടതില്ല എന്ന് എഴുതി ഫലിപ്പിച്ച സർട്ടിഫിക്കറ്റുകളാണ് മിക്ക ആളുകൾക്കും വിതരണം ചെയ്തിട്ടുള്ളത്.
ഇത്തരം തട്ടിപ്പ് ശ്രമങ്ങള്‍ ധനകാര്യ സ്ഥാപനങ്ങളുടെ നിലനില്‍പ്പിനെ തന്നെ ബാധിക്കുമെന്നും നിക്ഷേപകരുടെ താത്പര്യങ്ങളായിരിക്കും അതിലൂടെ ഹനിക്കപ്പെടുന്നതെന്നും റിസര്‍വ് ബാങ്ക് മുന്നറിയിപ്പ് നല്‍കി. ഇത്തരം തട്ടിപ്പ് സ്ഥാപനങ്ങളുമായി സഹകരിക്കുന്നത് സാമ്പത്തിക നഷ്ടങ്ങള്‍ക്ക് ഇടയാക്കുമെന്നും റിസര്‍വ് ബാങ്ക് അറിയിച്ചിട്ടുണ്ട്. വ്യാജ വാഗ്ദാനങ്ങള്‍ നല്‍കുന്ന ഇതുപോലുള്ള പരസ്യങ്ങള്‍ ശ്രദ്ധയില്‍പെട്ടാല്‍ അവ ബന്ധപ്പെട്ട ഏജന്‍സികളെ അറിയിക്കണമെന്നും റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ ആവശ്യപ്പെട്ടു.