റെക്കോർഡ് യാത്രയ്ക്ക് വിരാമമിട്ട് ആഭ്യന്തര സൂചികകൾ! നഷ്ടത്തോടെ വ്യാപാരം


ആഴ്ചയുടെ രണ്ടാം ദിനമായ ഇന്ന് നഷ്ടത്തിൽ അവസാനിപ്പിച്ച് ഓഹരി വിപണി. ഇന്ത്യയുടെയും അമേരിക്കയുടെയും നവംബറിലെ റീട്ടെയിൽ പണപ്പെരുപ്പ കണക്കുകൾ പുറത്തുവരാനിരിക്കെയാണ് ആഭ്യന്തര സൂചികകൾ നിറം മങ്ങിയത്. ഇതോടെ, കഴിഞ്ഞ രണ്ട് ദിവസം നീണ്ടുനിന്ന റെക്കോർഡ് യാത്രയ്ക്ക് വിരാമമായി. നേട്ടത്തോടെയാണ് ഇന്ത്യൻ സൂചികകൾ ഇന്ന് വ്യാപാരം ആരംഭിച്ചതെങ്കിലും, ഉച്ചയ്ക്കു ശേഷമുള്ള മണിക്കൂറുകളിൽ കനത്ത വിൽപ്പന സമ്മർദ്ദം ആഞ്ഞടിക്കുകയായിരുന്നു. വ്യാപാരത്തിന്റെ ഒരുവേള സെൻസെക്സ് 70,033 പോയിന്റ് വരെ ഉയർന്നിരുന്നു. അവസാന മണിക്കൂറുകളിൽ 377 പോയിന്റ് നഷ്ടത്തിൽ 69,443-ലാണ് സെൻസെക്സ് വ്യാപാരം പൂർത്തിയാക്കിയത്. അതേസമയം, നിഫ്റ്റി 90 പോയിന്റ് താഴ്ന്ന്, 20,906-ൽ വ്യാപാരം അവസാനിപ്പിച്ചു.

സെൻസെക്സിൽ 1,691 ഓഹരികൾ നേട്ടം കൈവരിച്ചപ്പോൾ 2,104 ഓഹരികളാണ് നഷ്ടം രുചിച്ചത്. 110 ഓഹരികളുടെ വില മാറിയില്ല. മീഡിയ, മെറ്റൽ, പി.എസ്.യു ബാങ്ക് എന്നിവ ഒഴികെയുള്ള ഓഹരി വിഭാഗങ്ങളെല്ലാം കനത്ത സമ്മർദ്ദമാണ് നേരിട്ടത്. ആക്സിസ് ബാങ്ക്, ടിസിഎസ്, വിപ്രോ, അൾട്രാടെക് സിമന്റ്, ജെഎസ്ഡബ്ല്യു സ്റ്റീൽ തുടങ്ങിയവയുടെ ഓഹരികളാണ് സെൻസെക്സിൽ മുന്നേറിയത്. അതേസമയം, യെസ് ബാങ്ക്, ടാറ്റ എൽക്സി, എച്ച്ഡിഎഫ്സി ലൈഫ് ഇൻഷുറൻസ്, ജിൻഡാൽ സ്റ്റീൽ, ഗുജറാത്ത് ഫ്ലൂറോ കെമിക്കൽസ് തുടങ്ങിയവ നിഫ്റ്റിയിൽ നേട്ടം കുറിച്ചു. സൺ ഫാർമ, ഇൻഡസ്ഇൻഡ് ബാങ്ക്, മാരുതി സുസുക്കി, ടൈറ്റൻ, റിലയൻസ് ഇൻഡസ്ട്രീസ് തുടങ്ങിയവയാണ് ഇന്ന് കൂടുതൽ നഷ്ടം നേരിട്ടത്.