തലശ്ശേരി: 16കാരിയെ പലതവണ പീഡിപ്പിച്ച കേസിൽ യുവാവിന് 26 വർഷം കഠിനതടവും 40,000 രൂപ പിഴയും ശിക്ഷ വിധിച്ച് കോടതി. ആലപ്പുഴ സ്വദേശി എസ്. അരുണിനെ(20) ആണ് കോടതി ശിക്ഷിച്ചത്. തലശ്ശേരി പോക്സോ സ്പെഷൽ അതിവേഗ കോടതി ജഡ്ജി ടിറ്റി വർഗീസ് ആണ് ശിക്ഷ വിധിച്ചത്. കൂത്തുപറമ്പ് പൊലീസ് ചാർജ് ചെയ്ത കേസിലാണ് ശിക്ഷ വിധിച്ചത്.
2019 ഒക്ടോബർ 17 മുതൽ 26 വരെയുള്ള ദിവസങ്ങളിലാണ് കേസിനാസ്പദമായ സംഭവം. ടിക് ടോക് മീറ്റിൽ പങ്കെടുപ്പിക്കാമെന്ന് പറഞ്ഞ് വശീകരിച്ചാണ് പെൺകുട്ടിയെ പീഡനത്തിനിരയാക്കിയത്. എറണാകുളം, തിരുവനന്തപുരം, പേട്ട, നേര്യമംഗലം, മൂന്നാർ തുടങ്ങിയ സ്ഥലങ്ങളിൽ എത്തിച്ച് നിരവധി തവണ പീഡനത്തിനിരയാക്കിയെന്നാണ് കേസ്. വിവിധ വകുപ്പുകൾ പ്രകാരമാണ് 26 വർഷം തടവും 40,000 രൂപ പിഴയും ശിക്ഷ വിധിച്ചത്. പിഴ അടക്കാത്തപക്ഷം മൂന്നു മാസം അധികതടവ് അനുഭവിക്കണം.
സി.ഐ എം.പി. ആസാദാണ് കേസന്വേഷണം നടത്തി കോടതിയിൽ കുറ്റപത്രം സമർപ്പിച്ചത്. പ്രോസിക്യൂഷനുവേണ്ടി അഡ്വ. പി.എം. ഭാസുരി ഹാജരായി.