പേറ്റന്റ് തർക്കം: ആപ്പിൾ വാച്ച് സീരീസ് 9, അൾട്ര 2 മോഡലുകളുടെ വിൽപ്പന നിർത്തിവയ്ക്കും, വിലക്ക് ഈ രാജ്യത്ത് മാത്രം


പേറ്റന്റ് തർക്കം രൂക്ഷമായി മാറിയതോടെ ആപ്പിൾ വാച്ച് സീരീസ് 9, അൾട്ര 2 എന്നീ മോഡലുകൾ വിപണിയിൽ നിന്ന് പിൻവലിക്കാനൊരുങ്ങി ആപ്പിൾ. എസ്പിഒ2 സെൻസറിന്റെ പേറ്റന്റുമായി ബന്ധപ്പെട്ട് മെഡിക്കൽ ഉപകരണ നിർമ്മാതാക്കളായ മാസിമോയുടെ തർക്കത്തിന്റെ പശ്ചാത്തലത്തിലാണ് ആപ്പിളിന്റെ നടപടി. പേറ്റന്റുമായി ബന്ധപ്പെട്ടുള്ള പ്രശ്നങ്ങൾ ഉടനടി പരിഹരിച്ചില്ലെങ്കിൽ, ആപ്പിൾ വാച്ചുകളുടെ വിൽപ്പനയ്ക്കുള്ള ഔദ്യോഗിക വിലക്ക് ഡിസംബർ 25 മുതൽ പ്രാബല്യത്തിലാകും. അമേരിക്കൻ വിപണിയിൽ മാത്രമാണ് വിലക്ക് ബാധകമാകുകയുള്ളൂ.

വിലക്ക് ഏർപ്പെടുത്തുന്നതിന് മുൻപ് വാച്ച് ഓർഡർ ചെയ്ത ഉപഭോക്താക്കൾക്ക് അവ ലഭിക്കുന്നതാണ്. അതേസമയം, ആപ്പിൾ വാച്ച് എസ്ഇക്ക് വിലക്ക് ബാധകമല്ല. ഇവയിൽ എസ്പിഒ2 സെൻസർ ഘടിപ്പിച്ചിട്ടില്ല. കഴിഞ്ഞ ഏതാനും വർഷങ്ങളായി ഇരുകമ്പനികളും തമ്മിൽ തർക്കം നടക്കുന്നുണ്ട്. പൾസ് ഓക്സിമീറ്ററുകളിലൂടെ ശ്രദ്ധേയരായ മാസിമോ ഐടിസിയിലും, സെൻട്രൽ ഡിസ്ട്രിക്ട് ഓഫ് കാലിഫോർണിയയിലെ യുഎസ് ജില്ലാ കോടതിയിലുമായി രണ്ട് കേസുകളാണ് ആപ്പിനെതിരെ നൽകിയിരിക്കുന്നത്. തങ്ങളുടെ പൾസ് ഓക്സിമീറ്ററിൽ ഉപയോഗിച്ചിരിക്കുന്ന സാങ്കേതികവിദ്യയിലുള്ള പേറ്റന്റ് അവകാശം ആപ്പിൾ ലംഘിച്ചുവെന്നാണ് ആരോപണം. ഡിസംബർ 25-ന് വിലക്ക് ഔദ്യോഗികമായി നിലവിൽ വരുന്നതിനു മുൻപ്, അമേരിക്കൻ പ്രസിഡന്റ് ഇതുമായി ബന്ധപ്പെട്ട പരിശോധനകൾ നടത്തുന്നതാണ്. പ്രസിഡന്റ് ജോ ബൈഡന് ആവശ്യമെങ്കിൽ വിലക്ക് വീറ്റോ ചെയ്യാൻ  സാധിക്കും.