സ്വർണാഭരണ പ്രേമികളുടെ നെഞ്ചിടിപ്പേറുന്നു! സംസ്ഥാനത്ത് ഇന്നും കുതിച്ചുയർന്ന് സ്വർണവില


സ്വർണാഭരണ പ്രേമികളുടെ നെഞ്ചിടിപ്പേറ്റി സ്വർണവില കുതിച്ചുയരുന്നു. ഒരു പവൻ സ്വർണത്തിന് ഇന്ന് 160 രൂപയാണ് ഉയർന്നത്. ഇതോടെ, ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വിപണി വില 46,560 രൂപയായി. ഒരു ഗ്രാം സ്വർണത്തിന് 20 രൂപ വർദ്ധിച്ച്, 5,820 രൂപ നിലവാരത്തിലാണ് വ്യാപാരം നടക്കുന്നത്. സംസ്ഥാനത്ത് ഇന്നലെയും സ്വർണവിലയിൽ വർദ്ധനവ് രേഖപ്പെടുത്തിയിരുന്നു. ഒരു പവൻ സ്വർണത്തിന് 100 രൂപയും, ഗ്രാമിന് 25 രൂപയുമാണ് വർദ്ധിച്ചത്. തുടർച്ചയായ മൂന്നാം ദിനമാണ് സ്വർണവില ഉയർന്നിരിക്കുന്നത്.

അന്താരാഷ്ട്ര തലത്തിൽ സ്വർണവില നേരിയ ലാഭത്തിലാണ് വ്യാപാരം നടത്തുന്നത്. ട്രോയ് ഔൺസിന് 0.423 ഡോളർ ഉയർന്ന്, 2,052.99 ഡോളർ എന്നതാണ് വില നിലവാരം. ആഗോള വിപണിയിൽ, ഡിസംബർ ആദ്യവാരത്തോടെ നടന്ന വലിയ കുതിപ്പിന് ശേഷം ലാഭമെടുപ്പ് നടന്നെങ്കിലും, സ്വർണവിലയിൽ കാര്യമായ ഇടിവ് പ്രകടമായിരുന്നില്ല. 2000 ഡോളർ നിലവാരത്തിനു മുകളിൽ വ്യാപാരം ചെയ്യപ്പെടുന്ന ട്രെൻഡാണ് ഇപ്പോഴുള്ളത്. നിലവിലെ സ്ഥിതി തുടരുകയാണെങ്കിൽ സ്വർണവില വീണ്ടും സർവകാല റെക്കോർഡിൽ എത്താൻ സാധ്യതയുണ്ടെന്നാണ് വിദഗ്ധരുടെ വിലയിരുത്തൽ.