സാമ്പത്തിക പ്രതിസന്ധി രൂക്ഷമായതോടെ പിരിച്ചുവിടൽ ഭീതിയിൽ ടെക് ലോകം. ആഗോള സാമ്പത്തിക രംഗത്ത് അനിശ്ചിതാവസ്ഥ ഉടലെടുത്ത 2023-ൽ ലക്ഷക്കണക്കിന് ജീവനക്കാരാണ് ടെക് മേഖലകളിൽ നിന്നും പടിയിറങ്ങിയത്. മുൻ വർഷവുമായി താരതമ്യം ചെയ്യുമ്പോൾ ഈ വർഷം ടെക് കമ്പനികളിലെ പിരിച്ചുവിടൽ 58 ശതമാനമാണ് ഉയർന്നിരിക്കുന്നത്. ഏറ്റവും പുതിയ കണക്കുകൾ പ്രകാരം, 2023-ൽ 1,175 കമ്പനികളാണ് പിരിച്ചുവിടൽ നടത്തിയത്. ഈ കമ്പനികളെല്ലാം 2,60,509 ജീവനക്കാരെ പിരിച്ചുവിട്ടിട്ടുണ്ട്. അതേസമയം, 2022-ൽ 1064 ടെക് കമ്പനികൾ ചേർന്ന് 1,64,969 പേരെയാണ് പിരിച്ചുവിട്ടത്.
ആഗോളതലത്തിൽ ഈ വർഷം ഏറ്റവും കൂടുതൽ ആളുകളെ പിരിച്ചുവിട്ടത് ആമസോണാണ്. ഈ വർഷം ഇതുവരെ 17,000 ജീവനക്കാർ ആമസോണിൽ നിന്നും പുറത്തായിട്ടുണ്ട്. 12,000 പേരെ പിരിച്ചുവിട്ട് ഗൂഗിൾ രണ്ടാം സ്ഥാനത്താണ്. മൈക്രോസോഫ്റ്റ്, മെറ്റ എന്നീ കമ്പനികൾ 10,000 പേരെ വീതമാണ് പിരിച്ചുവിട്ടത്. അതേസമയം, ഇന്ത്യയിൽ ഏറ്റവും കൂടുതൽ പിരിച്ചുവിടൽ നടത്തിയത് ബൈജൂസാണ്. സാമ്പത്തിക പ്രതിസന്ധിയിൽ വലഞ്ഞ ബൈജൂസ് 3,500 ജീവനക്കാരെ പിരിച്ചുവിട്ടു. ആകെ ജീവനക്കാരിൽ 12 ശതമാനം ആളുകളെ പിരിച്ചുവിട്ട അൺഅക്കാദമി രണ്ടാം സ്ഥാനത്താണ്.