അയോദ്ധ്യയുടെ ഗതാഗത സൗകര്യത്തിന് കൂടുതൽ കരുത്ത് പകരാൻ ഇലക്ട്രിക് ബോട്ടുകൾ എത്തുന്നു. കൊച്ചിൻ ഷിപ്പിയാർഡിൽ നിർമ്മിച്ച ബോട്ടുകളാണ് സർവീസ് നടത്തുക. നിലവിൽ, അയോദ്ധ്യയിലേക്ക് ബോട്ട് കൊണ്ടുപോകാനുള്ള ടഗ്ഗ് കൊല്ലം പോർട്ടിൽ എത്തിയിട്ടുണ്ട്. കൊച്ചിൻ വാട്ടർ മെട്രോയുടെ മാതൃകയിലാണ് രണ്ടു ബോട്ടുകളും നിർമ്മിച്ചിരിക്കുന്നത്. ഇവ അയോദ്ധ്യയിലെ സരയൂ നദിയിൽ സർവീസ് നടത്തും.
പരമാവധി 50 പേർക്കാണ് ബോട്ടിൽ യാത്ര ചെയ്യാൻ സാധിക്കുക. ഇൻലാൻഡ് വെസ്സൽസ് 2021 ആക്ട് പ്രകാരം, കൊടുങ്ങല്ലൂർ പോർട്ട് ഓഫീസിലാണ് ബോട്ടുകൾ രജിസ്റ്റർ ചെയ്തിരിക്കുന്നത്. ഈ നിയമപ്രകാരം ഇതാദ്യമായാണ് കേരളത്തിൽ ബോട്ടിന്റെ രജിസ്ട്രേഷൻ നടത്തുന്നത്. ആദ്യ ഘട്ടത്തിൽ 8 ബോട്ടുകളാണ് നിർമ്മിച്ചിരിക്കുന്നത്. ഇവയിൽ രണ്ടെണ്ണം മാത്രമാണ് കൊച്ചിയിൽ നിർമ്മിച്ചിട്ടുള്ളൂ. ബാക്കിയുള്ള ആറെണ്ണം കൊച്ചിൻ ഷിപ്പിയാർഡിന്റെ നിയന്ത്രണത്തിലുള്ള ഹൂബ്ലി ശാലയിലാണ് ഒരുക്കിയിരിക്കുന്നത്. ഉൾനാടൻ ജലഗതാഗതം ശക്തിപ്പെടുത്താനായി ആവിഷ്കരിച്ച പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് ബോട്ടിന്റെ നിർമ്മാണം.