പാലക്കാട്: പാലക്കാട്ടെ കാഞ്ഞിരപ്പുഴയിൽ രണ്ടു പേർ ദുരൂഹ സാഹചര്യത്തിൽ മരിച്ചു. കാഞ്ഞിരപ്പുഴ സ്വദേശി കുറുമ്പൻ (56), കരിമ്പുഴ സ്വദേശി ബാബു (45) എന്നിവരാണ് മരണപ്പെട്ടത്. ഇന്നലെ വൈകീട്ടോടെയാണ് കുറുമ്പന്റെ വീടിനുള്ളിൽ ഇരുവരെയും അവശനിലയിൽ കണ്ടെത്തിയത്.
തുടർന്ന് ഇവരെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിക്കുകയായിരുന്നു.
വൈദ്യനായ കുറുമ്പന്റെ അടുത്ത് ചികിത്സക്കെത്തിയതായിരുന്നു ബാബു. ഈ സമയം വീട്ടിൽ മറ്റാരും ഉണ്ടായിരുന്നില്ല. കുറുമ്പന്റെ ഭാര്യയും അമ്മയും പുറത്തുപോയതായിരുന്നു. വൈകീട്ട് ഇവർ തിരിച്ചെത്തി വാതിൽ തുറന്നപ്പോഴാണ് ഇരുവരേയും അവശ നിലയിൽ കണ്ടെത്തുന്നത്.
ചികിത്സയ്ക്കെത്തിയ മറ്റൊരാളുടെ വാഹനത്തിൽ ഇരുവരെയും ആശുപത്രിയിലേക്ക് കൊണ്ടുപോയി. എന്നാൽ വഴിമധ്യേ ബാബുവും ആശുപത്രിയിൽ എത്തിച്ചപ്പോഴേക്കും കുറുമ്പനും മരിക്കുകയായിരുന്നു. ഇരുവരുടെയും മരണത്തിലേക്ക് നയിച്ച കാരണം വ്യക്തമായിട്ടില്ല. മണ്ണാർക്കാട് പൊലീസെത്തി മൃതദേഹം താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. മരണകാരണം സംബന്ധിച്ച് അന്വേഷണം തുടരുന്നതായി പൊലീസ് അറിയിച്ചു. ഒരാളെ കാണാനില്ലെന്ന് പൊലീസ് അറിയിച്ചു