മുംബൈ: ഇന്ത്യൻ വിനോദ ലോകത്തിലെ മാറ്റിമറിക്കുന്ന തരത്തിലുള്ള ലയന നടപടികൾ അന്തിമഘട്ടത്തിലേക്ക്. വിനോദ മേഖലയ്ക്ക് പുതുമുഖം നൽകാൻ റിലയൻസും ഡിസ്നി സ്റ്റാറുമാണ് കരാറിൽ ഏർപ്പെടുന്നത്. ദിവസങ്ങൾക്ക് മുൻപ് തന്നെ ഇതുമായി ബന്ധപ്പെട്ട സൂചനകൾ ഏറെ ചർച്ച ചെയ്യപ്പെട്ടിരുന്നു. നിലവിൽ, ഇരു കമ്പനികളും ലണ്ടനിൽ വെച്ച് കരാറിൽ ഒപ്പിട്ടിട്ടുണ്ട്. നോൺ-ബൈൻഡിംഗ് കരാർ പ്രകാരം, റിലയൻസിന്റെ ജിയോ സിനിമയും, ഡിസ്നിയുടെ ഡിസ്നി പ്ലസ് ഹോട്ട് സ്റ്റാറുമാണ് ലയിക്കുന്നത്. 2024 ഫെബ്രുവരിയോടെ കരാറുമായി ബന്ധപ്പെട്ട മുഴുവൻ നടപടികളും പൂർത്തിയാകും. ഇതോടെ, റിലയൻസിന് 51 ശതമാനം ഷെയറും, ഡിസ്നിക്ക് 49 ഷെയറുമാണ് ഉണ്ടാവുക.
റിലയൻസ്-ഡിസ്നി ലയനം ഇന്ത്യയിലെ ഒടിടി വിപണിയെ മാറ്റിമറിക്കുമെന്നാണ് വിലയിരുത്തൽ. പ്രത്യേകിച്ച്, രാജ്യത്ത് ഏറ്റവും കൂടുതൽ ആളുകൾ കാണുന്ന കായിക ഇനമായ ക്രിക്കറ്റിന്റെ ഓൺലൈൻ പ്രക്ഷേപണത്തിൽ വലിയ മാറ്റങ്ങൾ ഉണ്ടായേക്കും. ഈ കരാറിനൊപ്പം റിലയൻസും ഡിസ്നി സ്റ്റാറും 1.5 ബില്യൺ ഡോളറിന്റെ നിക്ഷേപം നടത്താൻ പദ്ധതിയിടുന്നുണ്ട്. ഇതിനോടൊപ്പം റിലയൻസ് സ്റ്റാർ ഇന്ത്യയുടെ ചാനലുകളുടെ വിതരണ നിയന്ത്രണവും ഏറ്റെടുക്കാൻ സാധ്യതയുണ്ട്. അംബാനിയുടെ അടുത്ത സഹായിയായ മനോജ് മോദിയും ഡിസ്നിയുടെ മുൻ എക്സിക്യൂട്ടീവായ കെവിൻ മേയറും തമ്മിൽ മാസങ്ങൾ നീണ്ട ചർച്ചകൾക്ക് ശേഷമാണ് നോൺ-ബൈൻഡിംഗ് കരാറിൽ ഒപ്പിട്ടത്.