എഴുപതാം വയസ്സിൽ 56 വയസ്സുകാരിയെ വിവാഹം ചെയ്തയാളെ കബളിപ്പിച്ച് ഭാര്യ വീട് വിറ്റ് പണം കൈക്കലാക്കി. വിവാഹം കഴിഞ്ഞ് നാല് വർഷത്തിനുള്ളിൽ ഭർത്താവറിയാതെ അയാളുടെ 3.61 കോടി രൂപയുടെ വീട് വിറ്റ് ആ കാശ് അവർ കൈക്കലാക്കുകയായിരുന്നു.
മുംബൈയിലാണ് സംഭവം. ഭർത്താവ് നൽകിയ പവർ ഓഫ് അറ്റോർണി ഉപയോഗിച്ചാണ് ഭാര്യ വീടുവിറ്റ് കാശ് വാങ്ങിയത്. ഒരു ടെലിവിഷൻ സീരിയൽ നിർമ്മാതാവാണ് 70 -കാരൻ. എന്നാൽ, ഇയാളുടെ പേര് വിവരങ്ങൾ പുറത്ത് വിട്ടിട്ടില്ല. ഇയാളുടെ രണ്ടാം ഭാര്യയാണ് 56 -കാരിയായ രേണു സിങ്. 2016 -ലാണ് ഒരു എൻജിഒയിൽ പ്രവർത്തിക്കുന്ന രേണുവിനെ ഇയാൾ കണ്ടുമുട്ടുന്നത്. വൈകാതെ ഇരുവരും തമ്മിൽ വിവാഹിതരാവുകയായിരുന്നു.
ആദ്യത്തെ ഭാര്യയിൽ ഇയാൾക്ക് രണ്ട് ആൺമക്കളുണ്ട്. 2017 -ൽ അതിൽ മൂത്തയാൾ മരിച്ചു. ആ മകന്റെ ഭാര്യ സ്വത്തുക്കളുമായി ബന്ധപ്പെട്ട് 70 -കാരനെതിരെ കേസ് കൊടുത്തിരുന്നു. എന്നാൽ, പ്രായത്തിന്റേതായ അവശതകൾ കാരണം ആ കേസുകളുമായി അലയാൻ അദ്ദേഹത്തിന് വയ്യായിരുന്നു. അങ്ങനെ നിയമപോരാട്ടത്തിന് വേണ്ടി അയാൾ രണ്ടാം ഭാര്യയായ രേണുവിന് പവർ ഓഫ് അറ്റോർണി നൽകി.
എന്നാൽ, രേണു സിങ് ആ പവർ ഓഫ് അറ്റോർണി ഉപയോഗിച്ചുകൊണ്ട് താനറിയാതെ തന്റെ കോടികൾ വില മതിക്കുന്ന ഫ്ലാറ്റ് വിറ്റ വിവരം ഇയാൾ അറിഞ്ഞിരുന്നില്ല. 2020 -ലാണ് രേണു സിങ് ഭർത്താവിന്റെ ഫ്ലാറ്റ് വിൽക്കുന്നത്. പിന്നീട്, ആ പണം അദ്ദേഹത്തിന്റെ ബാങ്ക് അക്കൗണ്ടിൽ നിന്നും സ്വന്തം അക്കൗണ്ടിലേക്ക് മാറ്റുക കൂടി ചെയ്തു. എന്നാൽ, പിന്നീട് ഭാര്യ തന്റെ ഫ്ലാറ്റ് വിറ്റ കാര്യം ഇയാൾ അറിയുകയായിരുന്നു. ഏതായാലും, താനറിയാതെ ഫ്ലാറ്റ് വിറ്റതിന് പിന്നാലെ ഭാര്യക്കെതിരെ ഇയാൾ കേസ് കൊടുത്തിട്ടുണ്ട്.