ന്യൂഡൽഹി: പുതുവർഷത്തിൽ ചരിത്രം കുറിക്കാനൊരുങ്ങി ഇന്ത്യൻ ബഹിരാകാശ ഏജൻസിയായ ഐഎസ്ആർഒ. ഇന്ത്യയുടെ ആദ്യത്തെ പോളാരിമെട്രി ദൗത്യത്തിനാണ് ഐഎസ്ആർഒ തയ്യാറെടുപ്പുകൾ നടത്തുന്നത്. തമോഗർത്തങ്ങളെ കുറിച്ച് പഠിക്കുന്നതിനായി ഇസ്രോ രൂപകൽപ്പന ചെയ്ത എക്സ-റേ പോളാരിമീറ്റർ സാറ്റലൈറ്റ് അഥവാ എക്സ്പോസാറ്റ് നാളെ വിക്ഷേപിക്കും. ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്പേസ് സെന്ററിൽ നിന്നാണ് വിക്ഷേപണം. സ്പേസ്പോർട്ടിലെ ആദ്യ ലോഞ്ച് പാഡിൽ നിന്നും രാവിലെ 9:10-ന് പേടകം കുതിച്ചുയരും. എക്സ്പോസാറ്റിന് പുറമേ, റോക്കറ്റിൽ 10 പേലോഡുകൾ ഉണ്ടായിരിക്കുന്നതാണ്.
പ്രപഞ്ചത്തിലെ ഗോള വസ്തുക്കളെ കുറിച്ചുള്ള വിവരങ്ങൾ അനുമാനിക്കാൻ ജ്യോതിശാസ്ത്രജ്ഞരെ സഹായിക്കുന്ന ഉപകരണങ്ങളിൽ ഒന്നാണ് പോളാരിമെട്രി. ഇത് ഉപയോഗിച്ചാണ് ഇസ്രോയുടെ ഇത്തവണത്തെ ദൗത്യം. എക്സ്പോസാറ്റിന് 10 പേലോഡുകൾ ഉണ്ടെങ്കിലും, ഇവയിൽ ഏറ്റവും പ്രധാനപ്പെട്ടത് രണ്ടെണ്ണമാണ്. പോളിക്സ്, എക്സ്.സ്പെക്ട് എന്നിവയാണ് രണ്ട് പ്രധാന പേലോഡുകൾ. ഈ ദൗത്യത്തിലൂടെ പ്രകാശത്തിന്റെ ധ്രുവീകരണം അളക്കാനും ലക്ഷ്യമിടുന്നുണ്ട്.