പുതുവർഷത്തിന്റെ ആദ്യ ദിനം തണുപ്പൻ പ്രകടനം കാഴ്ചവച്ച് ഓഹരി വിപണി. തുടക്കം മുതൽ സെൻസെക്സും നിഫ്റ്റിയും നഷ്ടത്തിലായിരുന്നെങ്കിലും, വ്യാപാരത്തിന്റെ അവസാന മണിക്കൂറുകളിൽ നേട്ടത്തിലേക്ക് കുതിക്കുകയായിരുന്നു. സെൻസെക്സ് 31 പോയിന്റ് നേട്ടത്തിൽ 72,271-ലാണ് വ്യാപാരം പൂർത്തിയാക്കിയത്. നിഫ്റ്റി 10 പോയിന്റ് നേട്ടത്തിൽ 21,741-ൽ വ്യാപാരം അവസാനിപ്പിച്ചു. ബിഎസ്ഇയിൽ 2541 ഓഹരികൾ നേട്ടത്തിലും, 1350 ഓഹരികൾ നഷ്ടത്തിലുമായിരുന്നു. 156 ഓഹരികളുടെ വില മാറിയില്ല. കൂടാതെ, ബിഎസ്ഇയിലെ ലിസ്റ്റഡ് കമ്പനികളുടെ മൊത്തം നിക്ഷേപകമൂല്യം 1.60 ലക്ഷം കോടി രൂപയായി വർദ്ധിച്ച്, എക്കാലത്തെയും ഉയരമായ 365.89 ലക്ഷം കോടി രൂപയിൽ എത്തി.
സ്വകാര്യ ടെലികോം കമ്പനിയായ വോഡഫോൺ-ഐഡിയയുടെ ഓഹരി വില ഇന്നൊരു വേള 15 ശതമാനത്തിലധികം കുതിച്ച് 52 ആഴ്ചത്തെ ഉയരമായ 18.40 രൂപവരെ എത്തി. കഴിഞ്ഞ രണ്ട് വ്യാപാര സെഷനുകൾക്കിടെ മുന്നേറിയത് 37 ശതമാനത്തോളമാണ്. ഗുജറാത്ത് ഗ്യാസ്, യെസ് ബാങ്ക്, ഫോർട്ടിസ് ഹെൽത്ത് കെയർ, എൽഐസി ഹൗസിംഗ് ഫിനാൻസ് എന്നിവയാണ് ഇന്ന് നിഫ്റ്റിയിൽ ഏറ്റവും അധികം നേട്ടം കുറിച്ച ഓഹരികൾ. അതേസമയം, നെസ്‌ലെ, ടെക് മഹീന്ദ്ര, എച്ച്സിഎൽ ടെക്, ടാറ്റ മോട്ടോഴ്സ് വിപ്രോ തുടങ്ങിയവയുടെ ഓഹരികൾ സെൻസെക്സിലും മുന്നേറി.