സർവകലാശാല കാമ്പസിലെ കെട്ടിടത്തിൽ നിന്ന് ചാടി മരിച്ച് ബി.ടെക്ക് വിദ്യാർഥിനി; ഞെട്ടിത്തരിച്ച് സഹപാഠികൾ


ഹൈദരാബാദ്: സർവകലാശാല കാമ്പസിലെ കെട്ടിടത്തിൽ നിന്ന് ചാടി മരിച്ച് ബി.ടെക്ക് വിദ്യാർഥിനി. ഹൈദരാബാദിന് സമീപം രുദ്രാരമിലെ ഗീതം സർവകലാശാല കാംപസിലാണ് സംഭവം. ഒന്നാംവർഷ ബി.ടെക്ക് വിദ്യാർഥിനിയായ രേണുശ്രീയാണ് മരിച്ചത്. 18 വയസായിരുന്നു. കെട്ടിടത്തിന്റെ അഞ്ചാംനിലയിൽ നിന്നാണ് രേണുശ്രീ താഴേക്ക് ചാടിയത്.

മറ്റുവിദ്യാർഥികൾ നോക്കിനിൽക്കുമ്പോഴായിരുന്നു രേണുശ്രീ കെട്ടിടത്തിൽ നിന്നും താഴേക്ക് ചാടി ജീവനൊടുക്കിയത്. വെള്ളിയാഴ്ച്ച വൈകുന്നേരമാണ് രേണുശ്രീ അഞ്ചാംനിലയിലെ പാരപ്പറ്റിൽ ഇരിക്കുന്നത് വിദ്യാർഥികൾ കണ്ടത്. കൈയിലുണ്ടായിരുന്ന മൊബൈൽ ഫോണിൽ നോക്കിയാണ് രേണുശ്രീ ഇരുന്നിരുന്നത്. ഇത് ശ്രദ്ധയിൽപ്പെട്ട മറ്റു വിദ്യാർഥികൾ ബഹളമുണ്ടാക്കുകയും അവിടെനിന്ന് മാറാൻ ആവശ്യപ്പെടുകയും ചെയ്തു.

ഇതിനിടെ, ചില വിദ്യാർഥികൾ താഴെ നിന്നും അഞ്ചാംനിലയിലേക്ക് പോകുകയും ചെയ്തു. എന്നാൽ, ഇവർ എത്തുന്നതിന് മുൻപ് തന്നെ രേണുശ്രീ അഞ്ചാംനിലയിൽ നിന്ന് ചാടി. ഗുരുതരമായി പരിക്കേറ്റ വിദ്യാർഥിനിയെ ഉടൻതന്നെ സമീപത്തെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല.

വിദ്യാർഥിനിയുടെ കൈയിലുണ്ടായിരുന്ന മൊബൈൽ ഫോൺ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. കെട്ടിടത്തിൽനിന്ന് ചാടുന്നതിന് മുൻപ് ആരെയെങ്കിലും വിളിക്കുകയോ സന്ദേശം അയക്കുകയോ ചെയ്തിട്ടുണ്ടോയെന്ന് പോലീസ് പരിശോധിക്കുന്നുണ്ട്. സംഭവത്തിൽ വിശദമായ അന്വേഷണം പുരോഗമിക്കുകയാണെന്ന് പോലീസ് അറിയിച്ചു.